വിനായകനെ പോലീസ് ചോദ്യം ചെയ്തു; മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു

കൊച്ചി : ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തി ചോദ്യം ചെയ്ത പോലീസ് നടന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തു.

എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസാണ് വിനായകനെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലില്‍ വിനായകന്‍ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് വന്നതെന്ന് വിനായകന്‍ മൊഴിനല്‍കി.

വിലാപയാത്രയെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകരോട് എന്ന നിലയിലായിരുന്നു ഫേസ് ബുക്ക് ലൈവ്. ഇതിനെതിരെ നിരവധി പരാതികള്‍ എത്തിയതോടെയാണ് എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. പ്രകോപനപരമായി സംസാരിക്കല്‍, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയത്.

എന്നാല്‍ വിനായകനെതിരെ കേസ് എടുക്കേണ്ടതില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിനായകന്റെ ഫഌറ്റ് ആക്രമിച്ചെന്നും ജനല്‍ ചില്ലുകള്‍ പൊട്ടിച്ചുവെന്നും കാണിച്ച് വിനായകനും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *