ഏക സിവില്‍ കോഡ് വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു ലീഗ്

മലപ്പുറം : ഏക സിവില്‍ കോഡ് സംബന്ധിച്ച പ്രധാന മന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അജണ്ടയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ്. നിയമപരമായി ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുമെന്ന് ലീഗ് നേതാക്കള്‍ വ്യക്തമാക്കി. നടപ്പാക്കിയാല്‍ പ്രത്യാഘാതം വലുതായിരിക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ പറ്റില്ല. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. പ്രതിപക്ഷ ഐക്യത്തെ പ്രധാന മന്ത്രി ഭയപ്പെടുകയാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു.

ഈമാസം 30 തിന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച ഉണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു. അതിന് മുന്നോടിയായി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിയാലോചന നടത്തും. വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ചു നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ദേശീയ നേതാക്കളുടെ യോഗത്തില്‍ ഹൈദരലി തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടിക്കും പുറമെ സാദിഖ് അലി തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍, ഖാദര്‍ മൊയ്തീന്‍ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *