ദേശീയപാതയില്‍ ഇന്ന് 15 മിനിറ്റ് വനിതകളെക്കൊണ്ട് മതില്‍കെട്ടും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ദേശീയപാതയില്‍ ഇന്ന് വൈകിട്ട് 4ന് കാല്‍ മണിക്കൂര്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ വനിതകളെക്കൊണ്ട് മതില്‍ കെട്ടും. നവോത്ഥാന മൂല്യസംരക്ഷണത്തിനായി തയ്യാറാക്കുന്ന മതിലില്‍ കൈകോര്‍ക്കാന്‍ അമ്പത് ലക്ഷത്തോളം വനിതകളെത്തുമെന്നാന്ന് സര്‍ക്കാരിന്റെ പ്രതീക്ഷ. കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ തുടങ്ങി തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമ വരെ 620 കിലോമീറ്റര്‍ നീളത്തിലാകും വനിതാമതില്‍ തീര്‍ക്കുക. വൈകിട്ട് 4ന് ദേശീയപാതയുടെ പടിഞ്ഞാറ് വശത്താണ് സ്ത്രീകള്‍ അണിനിരക്കുന്നത്. സംഘാടകരായ സാമൂഹ്യ, രാഷ്ട്രീയ സംഘടനകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ മൂന്ന് മണിക്ക് തന്നെ ഇവരെ എത്തിക്കും. മൂന്നര മണിക്ക് റിഹേഴ്‌സല്‍. നാല് മുതല്‍ നാലേകാല്‍ വരെയാണ് മതില്‍.
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും സ്ത്രീസമത്വത്തിനായി നിലകൊള്ളുമെന്നും കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുമെന്നും മതില്‍കെട്ടുന്ന വനിതകള്‍ പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളടങ്ങുന്ന കോര്‍ഗ്രൂപ്പ് മതിലിന്റെ നിയന്ത്രണത്തിനായുണ്ടാകും. പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനും വനിതകളെ സര്‍ക്കാര്‍ ത്‌ന്നെ നിശ്ചയിച്ചിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തുമുള്ള കലാ, സാംസ്‌കാരിക പ്രവര്‍ത്തകരുള്‍പ്പെടെ മതിലിന് അഭിവാദ്യമര്‍പ്പിക്കാനായെത്തും. വെള്ളയമ്പലത്ത് മതിലില്‍ കൈകോര്‍ക്കാനായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട്, സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനിരാജ എന്നിവരുണ്ടാകും. കാസര്‍കോട്ട് മതിലിന്റെ തുടക്കത്തില്‍ മന്ത്രി കെ.കെ. ശൈലജ കണ്ണിയാകും. ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിവിധ കേന്ദ്രങ്ങളിലുണ്ടാവും. മതില്‍ പൂര്‍ത്തിയായാലുടന്‍ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളില്‍ ഇവര്‍ സംസാരിക്കും.
ഗിന്നസ് ബുക്കില്‍ പേരുപിടിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി മതില്‍ ചിത്രീകരിക്കാനായി വിദേശ മാദ്ധ്യമപ്രവര്‍ത്തകരുള്‍പ്പെടെ തലസ്ഥാനത്തെത്തിയിട്ടുണ്ട്. ലോക റെക്കാഡിനായി വിവരങ്ങള്‍ ശേഖരിക്കാന്‍ യൂണിവേഴ്‌സല്‍ റെക്കാഡ്‌സ് ഫോറവുമുണ്ട്.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് ക്രമീകരണങ്ങളൊരുക്കും. നാല്‍ക്കവലകളില്‍ നിശ്ചിതസമയത്തിന് പത്ത് മിനിറ്റ് മുമ്പ് മാത്രം മതില്‍ സൃഷ്ടിക്കണമെന്ന് തിരുവനന്തപുരത്തെ സംഘാടകസമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലെ വേദിയില്‍ നടക്കുന്ന പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ടി.എം. തോമസ് ഐസക്കും കടകംപള്ളി സുരേന്ദ്രനും നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാറുമടക്കം പങ്കെടുക്കും.

ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും സമുദായ സംഘടനയായ എന്‍.എസ്.എസും മറ്റും വനിതകളെക്കൊണ്ട് നവോത്ഥാനമൂല്യങ്ങളുടെ പേരില്‍ മതില്‍ കെട്ടിപ്പിക്കുന്ന ചടങ്ങിന് എതിരാണ്.

Leave a Reply

Your email address will not be published. Required fields are marked *