സുപ്രീംകോടതി എന്നും സുപ്രീം ആയി തന്നെ തുടരും: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര

ദില്ലി: ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഇന്ന് വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. രഞ്ജൻ ഗൊഗോയിയുടെ സത്യപ്രതിജ്ഞ നാളെ രാഷ്ട്രപതി ഭവനിൽ നടക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് വിരമിക്കും. ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സുപ്രീംകോടതി സുപ്രീം ആയി തന്നെ തുടരുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. പൗരസ്വാതന്ത്ര്യം ഉറപ്പാക്കാൻ ജസ്റ്റിസ് ദീപക് മിശ്രയുടെ വിധികൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും പറഞ്ഞു.

എത്ര കാലം കഴിഞ്ഞാലും സുപ്രീംകോടതി എന്നും സുപ്രീം തന്നെയായിരിക്കുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. ജഡ്ജി എന്ന നിലയിൽ പൗര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാൻ ജസ്റ്റിസ് മിശ്ര ശ്രമിച്ചുവെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക്മിശ്രക്കെതിരെ ആരോപണം ഉന്നയിച്ച് നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയ സംഭവം, ജുഡീഷ്യറിയിൽ വലിയ പൊട്ടിത്തെറികളാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇംപീച്ച്മെന്‍റ് നീക്കവും ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നേരിടേണ്ടിവന്നു. സുപ്രീംകോടതി അങ്കണത്തിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ആ സംഭവങ്ങളെ കുറിച്ച് ഒരു പരാമര്‍ശവും നടത്താതെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെയും പ്രസംഗം.

സംവാദങ്ങളിൽ പരാജയപ്പെടുന്നവരുടെ ആയുധമാണ് വിവാദങ്ങൾ. ഭരണഘടനാപരമായ ധാര്‍മ്മികതയാണ് ഓരോരുത്തരും ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു. എല്ലാ കുറവുകളെയും അതിജീവിച്ച് നീതി നിര്‍വഹണത്തിനായി ജഡ്ജിമാര്‍ ഉറച്ചുനിൽക്കുമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്രയുടെ ഹാദിയ കേസിലെ വിധി അടക്കം ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പ്രകീര്‍ത്തിക്കുകയും ചെയ്തു. ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ആരോപണങ്ങൾ അനാവശ്യമായിപ്പോയെന്ന് ചടങ്ങിൽ സംസാരിച്ച ബാര്‍ അസോസിയേഷൻ പ്രസിഡന്‍റ് വികാസ് സിംഗ് പറഞ്ഞു. ഒരുപാട് വിവാദങ്ങൾ അവശേഷിപ്പിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *