ഗീത ഗോപിനാഥിനെ ഐഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധയായി നിയമിച്ചു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ്  യൂണിവേഴ്സിറ്റി സാമ്പത്തിക വിഭാഗം പ്രൊഫസറുമായ ഗീത ഗോപിനാഥിനെ ഐഎംഎഫിന്‍റെ ചീഫ് എക്കണോമിസ്റ്റാ( മുഖ്യ രാജ്യാന്തര നാണ്യനിധി  സാമ്പത്തിക വിദഗ്ധ)യി നിയമിച്ചു.  ലോകത്തെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്ധരില്‍ ഒരാളും നേതൃഗുണവും വിപുലമായ രാജ്യാന്തര പരിചയവുമുള്ള ആളാണ് ഗീതയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദേ പറഞ്ഞു.

കണ്ണൂര്‍ സ്വദേശിനിയും കാര്‍ഷിക സംരഭകനുമായ ടിവി ഗോപിനാഥിന്‍റെയും അധ്യാപികയായ വിജയലക്ഷ്മിയുടെയും മകളാണ് ഗീത. മൈസൂരുവില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അവര്‍ ദില്ലി ലേഡി ശ്രീറാം കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്സും ദില്ലി സ്കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് എംഎയും പ്രിന്‍സ്റ്റണില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.  മുന്‍ ഐഎഎസ് ഓഫീസറും ഐഎംടിയിലെ പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാളാണ് ഭര്‍ത്താവ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ രോഹില്‍ മകനാണ്.

രാജ്യാന്തര സാമ്പത്തിക രംഗത്ത് ശ്രദ്ധ ചെലുത്തിയ ഗീത ഈ രംഗത്ത് ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സ് അംഗത്വവും അവര്‍ക്ക് ലഭിച്ചിരുന്നു.മുതിര്‍ന്ന സാമ്പത്തിക വിദഗ്ധര്‍ മാത്രം നേടുന്ന അമേരിക്കാന്‍ അക്കാദമി അംഗത്വം 46ാം വയസില്‍ ഗീത സ്വന്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *