ദില്ലിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരെ തല്ലിച്ചതച്ച് പൊലീസ്

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക സംഘടനകളുടെ ദില്ലിയിലേക്കുള്ള മാര്‍ച്ച് യുപി-ദില്ലി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കർഷകരാണ് രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്നത്. ഭാരതീയ കിസാൻ യൂണിയനിന്‍റെ നേതൃത്വത്തിലാണ് മാർച്ച്. അഞ്ച് ദിവസം മുമ്പ് ഹരിദ്വാറിൽ നിന്ന് തുടങ്ങിയ മാർച്ച് ദില്ലി യുപി അതിർത്തിയായ ഗാസിയാ ബാദിൽ എത്തിയപ്പോഴാണ് പൊലീസ് മാർച്ച് തടഞ്ഞത്. നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകളും ജലപീരങ്കിയും പൊലീസ് കർഷകർക്ക് നേരെ പ്രയോഗിച്ചു. എന്നിട്ടും പിൻമാറാൻ തയ്യാറാകാതിരുന്ന കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ‘ഞങ്ങൾ തീവ്രവാദികളല്ല ഞങ്ങൾ മുന്നോട്ടുപോകും’ എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ കർഷകർ പിന്നെയും മുന്നോട്ട് നീങ്ങി. നിരവധി കർഷകർക്ക് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കർഷകർ റോഡിൽ കുത്തിയിരുന്ന് ഉപരോധസമരം തുടങ്ങി.

പതിനായിരക്കണക്കിന് കർഷകർ എത്തുന്ന സാഹചര്യത്തിൽ ദില്ലി നഗരാതിർത്തിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി പുരോഗമിച്ച മാർച്ച് ഉത്തർപ്രദേശ് അതിർത്തിയിൽ പൊലീസ് ബാരിക്കേ‍ഡുകൾ സ്ഥാപിച്ച് തടഞ്ഞു. കർഷകർ ഇവ ഭേദിക്കാൻ തുടങ്ങിയതോടെയാണ് സംഘർഷം തുടങ്ങിയത്. ഉത്തർ പ്രദേശ് പൊലീസ് വലയം കർഷകർ ഭേദിച്ചതോടെ ദില്ലി, യുപി പൊലീസ് സേനകൾ ലാത്തിച്ചാർജ് തുടങ്ങുകയായിരുന്നു. പൊലീസ് നടപടിയിൽ ഏറ്റ പരുക്കുകളോടെ തന്നെ കർഷകർ മുന്നോട്ടുപോകും എന്ന നിലപാടിലാണ്. അതേസമയം ദില്ലി അതിർത്തിയിൽ നിന്ന് ദില്ലി നഗരത്തിലേക്ക് ഒരു കാരണവശാലും കർഷകരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, ഇന്ധനവിലവർദ്ധന തടയുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് കർഷകർ ദില്ലിയിലേക്ക് മാർച്ച് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *