സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; 1.5 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന തുടരുന്നു. പരിശോധനയില്‍ കൈക്കൂലി പണവുമായി ഏജന്റുമാരെ വിജിലന്‍സ് പിടികൂടി.

ഓപ്പറേഷന്‍ പഞ്ച് കിരണിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വിവിധ ജില്ലകളില്‍ നിന്നായി 1.5 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. മലപ്പുറത്ത് 30,000 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 21,000 രൂപയും കണ്ടെത്തി. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ വ്യാപകമായി പണം വാങ്ങുന്നുവെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തിരഞ്ഞെടുത്ത 76 ഓഫീസുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രാഹമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന.

മട്ടാഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് 6,240 രൂപയ്ക്ക് പുറമേ ഒരു കുപ്പി വിദേശമദ്യവും പിടികൂടി. ആലപ്പുഴയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ട സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ കൈക്കൂലിപ്പണം പുറത്തേക്ക് വലിച്ചെറിഞ്ഞതായും പരിശോധനയില്‍ കണ്ടെത്തി. ഗൂഗിള്‍ പേയുള്‍പ്പെടെ യു പി ഐ വഴിയും ഓണ്‍ലൈനായും ഏജന്റുമാര്‍ കൈക്കൂലി കൈപറ്റിയശേഷം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *