സതീശന്‍ പാച്ചേനി അന്തരിച്ചു

കണ്ണൂര്‍ : കെ പി സി സി അംഗവും കണ്ണൂര്‍ മുന്‍ ഡി സി സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിച്ച അദ്ദേഹം കെ പി സി സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്‌സഭാ സീറ്റിലേക്കും മത്സരിച്ചു

തളിപ്പറമ്പിലെ അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു സതീശന്‍ പാച്ചേനിയുടെ ജനനം. എന്നാല്‍ അദ്ദേഹം ചുവടുവച്ചത് വലതുപക്ഷ രാഷ്ട്രീയത്തിലാണ്. പ്രമാദമായ മാവിച്ചേരി കേസ് ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും നിരവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനാണ് സതീശന്‍ പാച്ചേനി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് അദ്ദേഹം ജനിച്ചത്.

പാച്ചേനി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങല്‍ യു പി സ്‌കൂള്‍, പരിയാരം സര്‍ക്കാര്‍ ഹൈസ്്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ് എന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നേടി. കണ്ണൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

പരിയാരം ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപവത്കരിക്കപ്പെട്ട കെ എസ് യു യൂണിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂര്‍ പോളിടെക്‌നിക്കിലും കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. കെ എസ് യു താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1999 ല്‍ സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി. കണ്ണൂരില്‍ നിന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റായ ഒരേയൊരു നേതാവ് കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *