ട്വന്റി20 : നെതര്‍ലന്‍ഡിനെ 56 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ

മെല്‍ബണ്‍ : ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ നെതര്‍ലന്‍ഡിനെ 56 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ്മ എന്നിവരുടെ മികച്ച ഇന്നിംഗ്‌സിന്റെ ബലത്തില്‍ 20 ഓവറില്‍ 179 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ വിജയത്തോടെ 4 പോയിന്റുമായി ഇന്ത്യന്‍ ടീം ഗ്രൂപ്പ്2ല്‍ ഒന്നാം സ്ഥാനത്തെത്തി.

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ, അവസാന 5 ഓവറില്‍ 65 റണ്‍സ് നേടിയാണ് വിജയം നേടിയത്. പവര്‍പ്ലേയുടെ 6 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 38/1 എന്ന നിലയിലായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ ഇത് 67/1 എന്ന നിലയിലെത്തി. 15 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 114/2 എന്ന നിലയിലായിരുന്നു ടീം ഇന്ത്യയുടെ സ്‌കോര്‍. അവസാന അഞ്ച് ഓവറില്‍ പക്ഷേ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ് കണ്ടത്.

വിരാട് 44 പന്തില്‍ 62 റണ്‍സും സൂര്യ 25 പന്തില്‍ 51 റണ്‍സും രോഹിത് 39 പന്തില്‍ 53 റണ്‍സും നേടി. സൂര്യകുമാര്‍ യാദവാണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ഫ്രെഡ് ക്ലാസനും പോള്‍ വോണ്‍ മെക്കറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *