സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്‌

കാസര്‍കോട് : ബേക്കൂരില്‍ ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേളക്കിടെ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി. അന്വേഷണത്തിന് എ ഡി എമ്മിനെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് റിപ്പോര്‍ട്ടു നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബേക്കൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് പന്തല്‍ തകര്‍ന്നത്. ഇരുമ്പ് വടികള്‍ കൊണ്ടും തകരഷീറ്റുകള്‍ കൊണ്ടും നിര്‍മിച്ച പന്തല്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നാല്‍പതോളം പേര്‍ക്കാണ് പരുക്കേറ്റത്. ഉച്ചസമയമായതിനാല്‍ കുട്ടികള്‍ ഭക്ഷണം കഴിക്കാനും മറ്റും പോയത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. പന്തല്‍ നിര്‍മാണത്തിലെ തകരാറാണ് അപടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *