ബാലഭാസ്കര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. 40 വയസായിരുന്നു. കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു.

പോസ്റ്റ് മോർട്ടത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് പൊതുദർശനത്തിന് വെക്കും. സംസ്കാരം തിരുമലയിലെ സ്വന്തം വീട്ടിൽ നടത്തും.

ബാലഭാസ്കറിന്‍റെ ആരോഗ്യ നിലയിൽ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. ബാലഭാസ്കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.  പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വൈകുന്നേരത്തോടെ സംസ്കരിക്കും.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ബാലഭാസ്‌കറും കൂടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അന്ന് തന്നെ  മരിച്ചിരുന്നു.

അര്‍ജുന്‍ ആയിരുന്നു വണ്ടിയോടിച്ചിരുന്നത്. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്കറും മകളും മുന്‍സീറ്റിലായിരുന്നു. ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *