സിപിഐ നേതാവ് ഐ.വി. ശശാങ്കൻ അന്തരിച്ചു

കോഴിക്കോട്: സിപിഐ കോഴിക്കോട് മുൻ ജില്ലാ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ ഐ. വി. ശശാങ്കൻ(68) നിര്യാതനായി. ഇന്ന് രാവിലെ ഏഴോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  കോഴിക്കോട് അത്താണിക്കല്‍ സ്വദേശിയായ ശശാങ്കന്‍ എഐഎസ്എഫിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തിയത്. പിന്നീട്  എഐഎസ്എഫ് ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് , ജില്ലാ സെക്രട്ടറി എന്നീ നേതൃസ്ഥാനങ്ങളില്‍ ഐ.വി ശശാങ്കന്‍ പ്രവര്‍ത്തിച്ചു. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായ കാലത്ത് തന്‍റെ 28ാം വയസിലാണ് ഐ.വി. ശശാങ്കൻ ആദ്യമായി പാർട്ടി ജില്ലാ സെക്രട്ടറി ആകുന്നത്.

മൂന്നു പ്രാവശ്യം തുടർച്ചയായി ജില്ലാ സെക്രട്ടറിയായ ശശാങ്കന്‍, ഇ.കെ. വിജയന് ശേഷം ഒരിക്കൽ കൂടി ജില്ലാ സെക്രട്ടറി ആയി. ഭാര്യ ആശ ശശാങ്കൻ കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആണ്. രോഗബാധിതനായിരുന്ന ശശാങ്കന്‍  പൊതുപ്രവര്‍ത്തന രംഗത്ത് വീണ്ടും സജീവമായി വരുന്നതിനിടെയാണ് മരണം. ആൾ ഇന്ത്യാ കോക്കനട്ട് ഗ്രോവേഴ്സ് ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി,കേര കർഷക സംഘം സംസ്ഥാന പ്രസിഡൻറ്, സിപിഐ ജില്ലാ എക്സി.അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു ശശാങ്കന്‍. അന്തരിച്ച സംവിധായകൻ ഐ.വി. ശശിയുടെ  സഹോദരനാണ് ഐ.വി ശശാങ്കന്‍. മക്കള്‍: ശ്രുതി, ശ്രാവണ്‍. മരുമകന്‍: നിഖില്‍ മോഹന്‍.

Leave a Reply

Your email address will not be published. Required fields are marked *