സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളും  വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ്. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയത്.

കള്ളപ്പണക്കേസില്‍ എറണാകുളം ജില്ലാ കോടതിയില്‍ മൊഴി നല്‍കിയശേഷം മാദ്ധ്യമങ്ങളെ കാണുകയായിരുന്നു സ്വപ്‌ന.

കേസുമായി ബന്ധമുള്ളവരില്‍നിന്നും ഭീഷണിയുണ്ട്. എം ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ വിജയന്‍, മുന്‍ മന്ത്രി കെ ടി ജലീല്‍, സി എം രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവരടക്കമുള്ളവര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയെന്നും സ്വപ്‌ന വെളിപ്പെടുത്തി.

2016ലാണ് സംഭവങ്ങളുടെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ പോയസമയത്താണ് ആദ്യമായി ശിവശങ്കര്‍ കോണ്‍സുലേറ്റ് സെക്രട്ടറിയെന്ന നിലയില്‍ തന്നെ ബന്ധപ്പെടുന്നത്. മുഖ്യമന്ത്രി ഒരു ബാഗ് മറന്നുപോയെന്നും അടിയന്തരമായി ദുബായില്‍ എത്തിക്കണമെന്നും ശിവശങ്കര്‍ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം കോണ്‍സുലേറ്റിലെ ഡിപ്‌ളോമാറ്റിന്റെ കൈയില്‍ ബാഗ് കൊടുത്തുവിട്ടു. എന്നാല്‍ അതിനുള്ളില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിംഗ് മെഷീനില്‍ ബാഗ് സ്‌കാന്‍ ചെയ്തപ്പോഴാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്.

മാത്രമല്ല ലോഹ വസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി മനസിലാക്കുന്ന വലിയ ഭാരമുള്ള ബിരിയാണി പാത്രങ്ങള്‍ പല പ്രാവശ്യം കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ നിന്നും കഌഫ് ഹൗസിലേക്ക് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം കോണ്‍സുലേറ്റിന്റെ വാഹനത്തില്‍ കോണ്‍സുലേറ്റ് ജനറല്‍ കൊടുത്തുവിട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്നും സ്വപ്‌ന പറഞ്ഞു.

കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും സ്വപ്‌ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *