കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ലോകം ശ്രദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളെ ലോകം ശ്രദ്ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കൊവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായിട്ടില്ല. അക്കാദമിക് നിലവാരം ഇനിയും മെച്ചപ്പെടണം. എല്ലാ സ്‌കൂളുകളെയും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.വിദ്യാലയം നാടിന്റെ ഏറ്റവും വലിയ മതനിരപേക്ഷ കേന്ദ്രം.ജാതിയോ മതമോ കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്നില്ല.’മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ വച്ച് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും വിപുലമായ പരിപാടികളാണ് നടക്കുന്നത്. കൊവിഡ് ഭീതി പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ഉച്ചഭക്ഷണം പങ്കിട്ട് കഴിക്കരുതെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *