ഉമാതോമസിന് കാല്‍ ലക്ഷത്തിലധികം വോട്ടിന്റെ ഉജ്ജ്വല വിജയം

കൊച്ചി: കാല്‍ ലക്ഷത്തിലേറെ വോട്ടിന്റെ ഉജ്ജ്വല ഭൂരിപക്ഷത്തോടെ ഉമ തോമസ് യു ഡി എഫിന്റെ പൊന്നാപുരം കോട്ടയായ തൃക്കാക്കര കാത്തു.

മുഖ്യമന്ത്രി ഉള്‍പ്പെടെ ഭരണ സംവിധാനം ഒന്നടങ്കം പ്രചാരണത്തിനിറങ്ങിയ പോരാട്ടത്തില്‍ മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 25,016 വോട്ടുകള്‍ സ്വന്തമാക്കിയാണ് ഉമയുടെ വിജയം. വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്നും ജനപക്ഷത്തുള്ള വികസനമാണ് വേണ്ടതെന്ന് ഇതിലൂടെ തെളിഞ്ഞുവെന്നും ഉമ തോമസ് പ്രതികരിച്ചു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരുന്ന ഉമയ്ക്ക ഒരിക്കല്‍ പോലും ഒരടി പിന്നോട്ട് പോകേണ്ടി വന്നില്ല. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ ഉമ തന്നെയായിരന്നു മുന്നില്‍. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ തന്നെ ഉമയുടെ ലീഡ് 2,249 ആയി. രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇത് 4,116 ലെത്തി. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷം 6487 ആയി ഉയര്‍ന്നു. ഇതോടെ ഉമ ചരിത്ര വിജയത്തിലേക്ക് നീങ്ങുന്നവെന്ന് വ്യക്തമായി.

നാലാം റൗണ്ടില്‍ 8,928 വോട്ടുകളുടെ ലീഡാണ് ഉമ തോമസിന് ലഭിച്ചത്. ആറാം റൗണ്ടില്‍ ഇത് 12,605 ആയും എട്ടാം റൗണ്ടില്‍ 18,073 ആയും ഉയര്‍ന്നു. പതിനൊന്നാം റൗണ്ടില്‍ 24,000 പിന്നിട്ട ഭൂരിപക്ഷം ബാക്കി വോട്ടുകള്‍ കൂടി എണ്ണയതോടെ 25,016 ആയി ഉയരുകയായിരുന്നു.

ഉമ തോമസിന് 72,770 വോട്ടുകളും ഡോ. ജോ ജോസഫിന് 47,754 വോട്ടുകളും എ എന്‍ രാധാകൃഷ്ണന് 12,957 വോട്ടുകളുമാണ് ലഭിച്ചത്. 2021ല്‍ പി ടി തോമസ് മത്സരിച്ചപ്പോള്‍ ലഭിച്ച 58,707 വോട്ടുകളേക്കാള്‍ 14,063 വോട്ടുകളാണ് ഉമ തോമസ് അധികം നേടിയത്. എല്‍ഡിഎഫിന്റെ വോട്ടുകളും അല്‍പം ഉയര്‍ന്നു. 2021ല്‍ ഡോ. ജെ ജേക്കബ് 44,894 വോട്ടുകള്‍ നേടിയ സ്ഥാനത്ത് ഡോ. ജോ ജോസഫ് 2860 വോട്ടുകള്‍ അധികം നേടിയത് ഇടതുക്യാമ്പിന് തെല്ല് ആശ്വസകരമായി. എന്നാല്‍ ബിജെപിയുടെ വോട്ടുകളില്‍ കാര്യമായ കുറവാണ് കണ്ടത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി എസ് സജി, 15218 വോട്ടുകളാണ് നേടിയതെങ്കില്‍ ഇത്തവണ എ എന്‍ രാധാകൃഷ്ണന് 2261 വോട്ടുകള്‍ കുറഞ്ഞു. ഈ വോട്ടുകള്‍ എവിടെ പോയെന്ന ചോദ്യത്തിന് വരും ദിവസങ്ങളില്‍ ബിജെപി നേതൃത്വം മറുപടി നല്‍കേണ്ടി വരും.

യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള വിജയമാണ് ഉമ തോമസ് സ്വന്തമാക്കിയത്. ഒരു ഭാഗത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിപ്പടയും പാര്‍ട്ടി സംവിധാനവും ഒന്നടങ്കം അണിനിരന്നത് യുഡിഎഫ് ക്യാമ്പിന് തെല്ല് ആശങ്ക പകര്‍ന്നിരുന്നുവെങ്കിലും വോട്ടെണ്ണിയതോടെ അതെല്ലാം വൃഥാവിലായി. തൃക്കാക്കരയില്‍ കൂടി വിജയിച്ച് സെഞ്ച്വറി തികയ്ക്കുകയെന്ന ഇടതുപക്ഷത്തിന്റെ സ്വപ്‌നം കൂടിയാണ് തകര്‍ന്നടിഞ്ഞത്.

സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ തന്നെയായിരുന്നു മണ്ഡലത്തിലെ മുഖ്യ ചര്‍ച്ചാ വിഷയം. കെ റെയിലിന് എതിരായ ജനവിധിയാണ് ഈ വിജയമെന്ന് യുഡിഎഫ ക്യാമ്പ് വിലയിരുത്തുമ്പോള്‍ അതിനെ തള്ളി കളയുകയാണ് എല്‍ഡിഎഫ്. തൃക്കാക്കര യുഡിഎഫിന്റെ മണ്ഡലമാണെന്നാണ് അതിന് അവരുടെ ന്യായീകരണം. എന്തായാലും തൃക്കാക്കര തിരഞ്ഞെടുപ്പ് തുടര്‍ച്ചയായ പരാജയങ്ങളില്‍ മനംമടുത്ത യുഡിഎഫിന് പകരുന്ന ആശ്വാസം ചെറുതായിരിക്കില്ല. അതിന്റെ അലയൊലികള്‍ വരും ദിവസങ്ങളില്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുമെന്നതും ഉറപ്പ്.

Leave a Reply

Your email address will not be published. Required fields are marked *