ആക്രമിക്കപ്പെട്ട നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി

കൊച്ചി: ആക്രമിക്കപ്പെട്ട നടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കരുതെന്ന് നടി കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കാനെടുക്കവെയാണ് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചത്.

സര്‍ക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെയാണ് നടി ഹര്‍ജി നല്‍കിയത്. കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നുവെന്നാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആരോപണം. സര്‍ക്കാര്‍ ആദ്യം നീതിയുക്തമായ അന്വേഷണത്തിന് നടപടിയെടുത്തെങ്കിലും ഇപ്പോള്‍ പിന്‍വലിയുന്നു.

തുടരന്വേഷണം പൂര്‍ത്തിയാക്കും മുമ്ബ് അവസാനിപ്പിക്കാന്‍ നടന്‍ ദിലീപ് ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചു. തുടരന്വേഷണം പാതിവഴി അവസാനിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഭീഷണിപ്പെടുത്തുന്നു തുടങ്ങിയവയാണ് മറ്റാരോപണങ്ങള്‍.

കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടെന്ന് ഫോറന്‍സിക് ലാബ് ജോയിന്റ് ഡയറക്ടര്‍ 2020 ജനുവരി 10ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചത് ഹൈക്കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ പബഌക് പ്രോസിക്യൂട്ടറെയോ ഇരയായ തന്നെയോ വിചാരണക്കോടതി അറിയിച്ചില്ല.

മെമ്മറി കാര്‍ഡിലെ ഫയല്‍ ആരെങ്കിലും കാണുകയോ പകര്‍ത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവില്‍ മാറ്റം വരൂ. ഗൗരവമേറിയ വിഷയം വിചാരണക്കോടതി രഹസ്യമാക്കിവച്ചു. മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാന്‍ വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തില്‍ വിചാരണക്കോടതി നടപടിയെടുത്തില്ല. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *