ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്

എരുമേലി: ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്. എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള റൂട്ടിൽ മണിക്കൂറുകളാണ് തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നത്. നിലയ്ക്കലിൽ മതിയായ പാർക്കിങ് സൗകര്യം ഇല്ലാത്തതാണ് ഇതിനു കാരണം.

ഇന്നലെ രാത്രി മുതലാണ് അയൽ സംസ്‌ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ള, നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് തീർഥാടകരുമായി എത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചത്. മണ്ഡലകാലം അവസാനിക്കാറായതിന് പുറമെ സ്കൂൾ അവധി തുടങ്ങിയതും തീര്‍ത്ഥാടകരുടെ എണ്ണം കൂടാൻ കാരണമായി. ചില സമയങ്ങളിൽ അഞ്ചു മണിക്കൂറിൽ അധികമാണ് തീര്‍ത്ഥാടകർ വഴിയിൽ കുടുങ്ങി കിടക്കുന്നത്.

17 പാർക്കിങ് ഗ്രൗണ്ടുകളാണ് നിലയ്ക്കലിൽ ഇപ്പോൾ ഉള്ളത്. ഇവിടെല്ലാമായി 15000 വാഹനങ്ങൾ പാർക്ക്‌ ചെയ്യാമെന്നാണ് കണക്ക്. എന്നാൽ നിലവിൽ 8000 വാഹനങ്ങൾ മാത്രമേ പാർക്ക് ചെയ്യാൻ കഴിയുകയുള്ളൂ. പകൽ നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്ത് സന്നിധാനത്തേക്ക് പോകുന്ന തീർത്ഥാടകാർ തിരിച്ചെത്താൻ വൈകുന്നതും പാർക്കിങ്ങിലെ അപര്യാപ്തതയുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

അടുത്ത രണ്ടു ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ ഇടയുള്ളതിനാൽ പാർക്കിങിന് കൂടുതൽ സൗകര്യമൊരുക്കാൻ, നിലയ്ക്കലിൽ സന്ദർശനം നടത്തിയ ഹൈക്കോടതി നിരീക്ഷണ സമിതി പൊലീസിനോട് നിർദേശം നൽകി. അടുത്ത സീസൺ വരെ ഇതിനായി കാത്തിരിക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *