ലോക്‌സഭാ തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് നേരത്തെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിവച്ചു

കെ.സി.വിശാഖ്


തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, സംസ്ഥാന രാഷ്ട്രീയത്തിലെ വമ്പന്മാരെ കളത്തിലിറക്കി പോര് കൊഴുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങളാരംഭിച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെകളത്തിലിറക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് നേതൃത്വം, ഒരു പടി മുന്നിലാണ് ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയമെന്ന് അവകാശപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായതോടെ കളരി ദേശീയരാഷ്ട്രീയമായി മാറിക്കൊണ്ടിരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ഇപ്പോള്‍ പാര്‍ട്ടി തീരുമാനം.
തിരുവനന്തപുരത്ത് ഡോ.ശശി തരൂരും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും ആയിരിക്കും കോണ്‍ഗ്രസ് നിരയില്‍ വീണ്ടും പോരിനിറങ്ങുന്ന പ്രമുഖര്‍. ആലപ്പുഴയില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഇപ്പോഴത്തെ പ്രമുഖനും സിറ്റിംഗ് എം.പിയുമായ കെ.സി. വേണുഗോപാലിനെ തന്നെ പാര്‍ട്ടി കളത്തിലിറക്കുമെന്ന് വ്യക്തമായി. എറണാകുളത്ത് സിറ്റിങ് എം.പി. പ്രഫ കെ.വി. തോമസ് വീണ്ടും മത്സരിക്കാനുള്ള കരുനീക്കം ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ചരടുവലി തുടങ്ങിയിട്ടുണ്ട്. ഇവിടെ പ്രഫ.കെ.വി.തോമസിനൊപ്പം ഹൈബി ഈടനേയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയുടെ യുവത്വത്തിന് പ്രാതിനിധ്യം കൊടുക്കാനുള്ള തീരുമാനം ഹൈബിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്ന പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലുണ്ട്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ്-മാണി ഗ്രൂപ്പില്‍ നിന്ന് ഏറ്റെടുത്ത് പകരം ഇടുക്കി മാണി ഗ്രൂപ്പിന് വിട്ടുകൊടുക്കാനാണ് നീക്കം. ഇടുക്കിയില്‍ അങ്ങനെയെങ്കില്‍ മറ്റൊരു വമ്പനായ പി.ജെ. ജോസഫിനെ കളത്തിലിറക്കി മാണി ഇടത് ക്യാമ്പിനെ ഞെട്ടിക്കുമെന്നും കേള്‍ക്കുന്നു.മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ജനവിധി തേടാനൊരുങ്ങുമ്പോള്‍ മറ്റൊരു സിറ്റിംഗ് എം.പിയായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഇത്തവണ പിന്മാറിയേക്കുമെന്നും പ്രചാരണവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *