അടിയന്തരാവസ്ഥയുടെ ശബ്ദമാണ് കോടതിയുടേത് : കോടിയേരി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്നത് പണിമുടക്ക് മാത്രമാണെന്നും ഹര്‍ത്താലല്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിരോധിച്ച് ഉത്തരവിറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെയും കോടിയേരി വിമര്‍ശിച്ചു.

‘ജീവനക്കാര്‍ക്ക് പണിമുടക്കാനുള്ള അവകാശം സറണ്ടര്‍ ചെയ്യാന്‍ സാധിക്കുകയില്ല. ദേശീയ പണിമുടക്കിനെ മാത്രമല്ല ഇത് ബാധിക്കുന്നത്. ഭാവിയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവര്‍ദ്ധനവില്‍ പ്രശ്‌നം വന്നാല്‍, അവരുടെ ആനുകൂല്യങ്ങളില്‍ പ്രശ്‌നം വന്നാല്‍ അതിനൊക്കെ എതിരെ സമരം ചെയ്യാനുള്ള അവകാശം ഇതോടുകൂടി ഇല്ലാതാവുകയാണ്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് കോടതി വിധി’ കോടിയേരി വിമര്‍ശിച്ചു.

‘മുന്‍പ് ഹൈക്കോടതി ബന്ദ് നിരോധിച്ചു. പിന്നീട് ഹര്‍ത്താല്‍ നിരോധിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പൊതു പണിമുടക്കും നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നു. ഇത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണ്. ഒരു പ്രതികരണവും പാടില്ല. നാവടക്കൂ, പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് കോടതിയുടേത്. ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാകണം. ധാരാളം സമരങ്ങളും പണിമുടക്കുകളും നടത്തിയ ശേഷമാണ് നാട്ടില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ വന്നത്. കടകള്‍ തുറന്നാല്‍ അടപ്പിക്കേണ്ടതില്ല. എന്നാല്‍ സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണം’ അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *