ദേവികുളം എംഎല്‍എ എ രാജയ്ക്ക് പരിക്കേറ്റു; പൊലീസിനെതിരെ സി പി എം

ഇടുക്കി: സമരാനുകൂലികള്‍ വാഹനം തടയുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എം എല്‍ എ, എ രാജയ്ക്ക് പരിക്കേറ്റു.

പിന്നാലെ എം എല്‍ എയെ മര്‍ദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി പി എം രംഗത്തെത്തി. കട്ടപ്പനയില്‍ വച്ചാണ് എം എല്‍ എയ്ക്ക് മര്‍ദനമേറ്റത്.

മൂന്നാറില്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം എല്‍ എ. ഇതിനിടെ ഇതുവഴി വന്ന വാഹനങ്ങളെ സമരാനുകൂലികളായ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതോടെ പൊലീസ് ഇടപെടുകയും സംഘര്‍ഷം ഉന്തിലും തള്ളിലും കലാശിക്കുകയുമായിരുന്നു. പിന്നാലെ സംഘര്‍ഷം നിയന്ത്രിക്കാന്‍ എം എല്‍ എ ശ്രമിക്കുന്നതിനിടെയാണ് മര്‍ദനമേറ്റത്. സംഘര്‍ഷത്തില്‍ ചെവിക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് സൂചന.

സമരത്തില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ഇരുപതോളം ട്രേഡ് യൂണിയനുകളാണ് 48 മണിക്കൂര്‍ പൊതുപണിമുടക്ക് പ്രഖ്യാപിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ സമരം ഇന്ന് രാത്രി സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *