പിണറായി വിജയന്‍ അഭിനവ ‘ഡോണ്‍ ക്വിക്‌സോട്ട്’ ആണെന്നു രമേശ് ചെന്നിത്തല

കോഴിക്കോട് : ഇല്ലാത്ത ഒന്നിനെതിരെ പോരാട്ടം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനവ ‘ഡോണ്‍ ക്വിക്‌സോട്ട്’ ആണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുണ്ട കാലഘട്ടമാണിതെന്നു പിണറായി മാത്രമേ പറയുന്നുള്ളൂ. സിപിഎമ്മാണു കേരളത്തെ ഇരുട്ടിലേക്കു നയിക്കുന്നത്. വനിതാ മതിലിലും അയ്യപ്പജ്യോതിയിലും യുഡിഎഫ് പങ്കെടുക്കില്ല. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

സിപിഎമ്മിന്റെ ഫണ്ട് ഉപയോഗിച്ചാണു മതില്‍ കെട്ടേണ്ടത്. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള എന്‍എസ്എസ് നിലപാടിനോടു യോജിപ്പില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എന്‍എസ്എസ് അംഗങ്ങള്‍ ജ്യോതിയില്‍ അണിചേരരുതെന്നു നിര്‍ദേശം നല്‍കും. അയ്യപ്പജ്യോതി സംഘടിപ്പിക്കുന്ന ശബരിമല കര്‍മസമിതി ആട്ടിന്‍തോലിട്ട ചെന്നായയാണ്. അവരുടെ മുന്നിലും പിന്നിലും ആര്‍എസ്എസാണ്.
വനിതാ മതിലിലേക്കു ചില ജാതിസംഘടനകളെ മാത്രമാണു സര്‍ക്കാര്‍ ക്ഷണിച്ചത്. മുസ്‌ലിം, ക്രൈസ്തവ സംഘടനകള്‍ ഈ നാട്ടില്‍ നവോത്ഥാനത്തിന് ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നാണോ പിണറായി പറയുന്നത്? വനിതാ മതില്‍ കെട്ടാന്‍ സര്‍ക്കാരിന്റെ പണം ചെലവാക്കില്ലെന്നു നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി അവകാശലംഘനമാണു നടത്തിയത്. നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടിസ് നല്‍കും.സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികള്‍ക്കു വകയിരുത്തിയ 50 കോടിയില്‍നിന്നു വനിതാ മതിലിനു പണമെടുക്കുമെന്ന നിലപാട് ജനത്തെ കബളിപ്പിക്കലാണ്, ചട്ടലംഘനമാണ്. മുഖ്യമന്ത്രിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെപ്പറ്റി ആലോചിക്കും. സ്ത്രീസുരക്ഷയ്ക്കായി മാറ്റിവച്ച തുക വനിതാ മതിലിന് ഉപയോഗിക്കുന്നതിനു ന്യായീകരണമില്ല.തുക ചെലവഴിക്കാന്‍ കാലതാമസം വരുത്തിയതിനു വനിതാ, ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ മറുപടി പറയണം. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി ആ പണം ഉപയോഗിച്ചിരുന്നുവെങ്കില്‍ പരാതി പറയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *