വനിതാമതില്‍: ഖജനാവില്‍നിന്ന് ഒരു പണവും ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി വീണ്ടും

തിരുവനന്തപുരം : വനിതാ മതിലിനായി ഖജനാവില്‍നിന്ന് ഒരു പണവും ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി. സ്ത്രീ ശാക്തീകരണത്തിനായുള്ള 50 കോടിരൂപ വനിതാ മതിലിനായി ചെലവഴിക്കുമെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോയിയേഷന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടത്തിയ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവോത്ഥാനമൂല്യങ്ങളില്‍നിന്ന് നാടിനെ പിന്നോട്ടു നയിക്കുന്നതിനെതിരെയാണ് വനിതാ മതിലെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനെ ജാതിയുടെ പേരില്‍ വേര്‍തിരിക്കാന്‍ നോക്കരുത്. സമൂഹത്തെ പുറകോട്ട് നടത്താന്‍ നോക്കുന്നവര്‍ക്കെതിരെയാണ് വനിതാ മതില്‍. അങ്ങനെയുള്ളവര്‍ ചെറിയ കൂട്ടമാണ്. വലിയ ശബ്ദമുണ്ടാക്കുന്നതുകൊണ്ട് അവരെ സമൂഹത്തിലെ ഗണ്യമായ വിഭാഗമായി കാണാനാകില്ല.

മതില്‍ യോജിപ്പിന്റെ ഒന്നാണ്. മനുഷ്യര്‍ യോജിച്ചാണ് മതില്‍ തീര്‍ക്കുന്നത്. എല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകള്‍ കൂട്ടമായാണ് മതിലില്‍ പങ്കെടുക്കുന്നത്. മതിലിനെ ആക്ഷേപിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ആചാരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. ശബരിമലയിലെ ഒരു ആചാരവും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ആചാരങ്ങളില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലിക അവകാശങ്ങള്‍ക്കു മേലെയാണ് തന്റെ വിശ്വാസം എന്നു പറഞ്ഞാല്‍ അതിവിടെ ചെലവാകില്ല. ഇതു നിയമവാഴ്ചയുള്ള നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെക്കുറിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെതാണെന്നു പറയുന്നവരുടെ മാനസികഘടന ഒന്നാണ്. അവരെ ഒരേനിലയിലാണ് വാര്‍ത്തെടുത്തിരിക്കുന്നത്. കാലം മാറിയെങ്കിലും മാറാത്തവരുണ്ട്.പെണ്‍മക്കള്‍ക്കും ഭാര്യമാര്‍ക്കും സ്വത്തവകാശം നല്‍കിയാല്‍ കുടുംബ വ്യവസ്ഥ തകരുമെന്നു പണ്ടു യാഥാസ്ഥിതികര്‍ നിലപാടെടുത്തു. ഒന്നിലധികം വിവാഹം കഴിക്കാനുള്ള അവകാശം നിര്‍ത്തലാക്കിയത് യാഥാസ്ഥിതികര്‍ക്കിടയില്‍ വലിയ തോതിലുള്ള അമര്‍ഷം ഉണ്ടാക്കാന്‍ ഇടയാക്കി. ഇതിനോട് യാഥാസ്ഥിതികര്‍ക്ക് യോജിക്കാനേ കഴിഞ്ഞില്ല. ഇന്നും ചില ശബ്ദങ്ങള്‍ ഉയരുന്നുണ്ട് മറ്റു ചില പേരില്‍. അവരുടെ പഴയ തലമുറയെ യാഥാസ്ഥിതികരായി കാണാന്‍ കഴിയും.
സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെപേരില്‍ ആര്‍എസ്എസ് അംബേദ്കറെയും നെഹ്‌റുവിനെയും വിമര്‍ശിച്ചു. അന്നത്തെകാലത്ത് സ്ത്രീകളും മാറി ചിന്തിച്ചില്ല. അവരും യാഥാസ്ഥിതികരെപോലെ ചിന്തിച്ചു. അംബേദ്കര്‍ അന്നു പറഞ്ഞതെല്ലാം പിന്നീട് നിയമമായി.
യാഥാസ്ഥിതികര്‍ക്ക് ഒരിക്കലും ജയിക്കാന്‍ കഴിയില്ല. ഇപ്പോഴും ചിലര്‍ രംഗത്തുവരുന്നുണ്ട്. വിശ്വാസികളാണ് മതിലില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എന്ന വാദം ഉയര്‍ത്തുന്നുണ്ട്. വിശ്വാസികളാണ് മതിലില്‍ പങ്കെടുക്കുന്നത്. വിശ്വാസികളും അവിശ്വാസികളും എന്ന വ്യത്യാസം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *