കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റഫാല്‍ ഫൈറ്റര്‍ ജെറ്റ് ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ജയ്പാല്‍ റെഡ്ഡി

പനജി:  2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റഫാല്‍ ഫൈറ്റര്‍ ജെറ്റ് ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഗോവയിലെ പനജിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ ചര്‍ച്ചയ്ക്കു തയാറാണ്. ചില കാര്യങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അതു ജെപിസി അന്വേഷണത്തിലൂടെ മാത്രമേ സാധ്യമാകൂ. യഥാര്‍ഥ വസ്തുതകള്‍ എന്തെന്നു കണ്ടെത്താതെ വിഷയത്തില്‍ അന്തിമ നിഗമനത്തിലെത്താനാകില്ല. 2019ല്‍ അധികാരത്തിലെത്തുമ്പോള്‍ ഞങ്ങളീ വിഷയം അന്വേഷിക്കും. യഥാര്‍ഥ വസ്തുതകള്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കും’ – റഫാല്‍ വിഷയം എന്തുകൊണ്ട് പാര്‍ലമെന്റില്‍ ഉന്നയിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘കോടതിയുടെ കാര്യം കോടതിയാണു തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് കോടതിയില്‍ ഇല്ലായിരുന്നു. സുപ്രീം കോടതിയുടെ അഭിപ്രായം ഞങ്ങള്‍ ചോദിക്കില്ല. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ മുന്നില്‍ വിവരങ്ങള്‍ വയ്ക്കുകയാണ് വേണ്ടത്.’
ഇടപാട് പൂര്‍ത്തീകരിക്കാന്‍ യുപിഎ സര്‍ക്കാര്‍ വരുത്തിയ കാലതാമസത്തെക്കുറിച്ചുള്ള ചോദ്യത്തിനു പ്രതിരോധ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കാലമേറെയെടുക്കുമെന്ന മറുപടിയാണു റെഡ്ഡി നല്‍കിയത്. എല്ലാ കാര്യങ്ങള്‍ക്കും പ്രതിരോധ വകുപ്പിനോടു ബന്ധപ്പെടണം. ഇക്കാര്യത്തില്‍ നിയമമന്ത്രി, ധനമന്ത്രി തുടങ്ങിയവരുമായി സംസാരിക്കണമെന്നും മുന്‍ കേന്ദ്രമന്ത്രികൂടിയായ റെഡ്ഡി വ്യക്തമാക്കി.അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ജനവിധിയില്‍ റഫാല്‍ കേസ് സ്വാധീനിച്ചോയെന്ന ചോദ്യത്തിനു സ്വാധീനിച്ചിരിക്കാമെന്നും എന്നാല്‍ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ വേറെ കാര്യങ്ങളാണു വിഷയമാകുക എന്നുമായിരുന്നു മറുപടി

Leave a Reply

Your email address will not be published. Required fields are marked *