ഒമിക്രോണ്‍ വ്യാപനം: സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രം ജാഗ്രതാനിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗത്തില്‍ രോഗനിയന്ത്രണത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടണം. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്റ്‌മെന്റ് സോണായി പ്രഖ്യാപിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ വീടുകള്‍ തോറും രോഗ നിര്‍ണയ പരിശോധന നടത്തണം.

അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കായി കേന്ദ്രപാക്കേജിലെ പണം ചെലവഴിക്കാം. പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാര്‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം.ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പിന്റെ വേഗം കൂട്ടണം. ദേശീയ ശരാശരിയേക്കാള്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീടുകളില്‍ കൂടിയെത്തി വാക്‌സിനേഷന്‍ നല്‍കി നിരക്ക് കൂട്ടണമെന്നും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *