പി.ടി. തോമസിന് നാട് വിട ചൊല്ലി

കൊച്ചി: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി. തോമസിന് വികാരനിര്‍ഭരമായി നാട് വിട ചൊല്ലി. രവിപുരം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു പി.ടി.

തോമസിന്റെ സംസ്‌കാരം. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംസ്‌കാരം നടന്നത്.

ഭാര്യ ഉമയും അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിനു ശേഷമാണ് പി.ടി. തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് എത്തിച്ചത്.

പ്രിയപ്പെട്ട പി.ടിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനപ്രവാഹമാണ് തൃക്കാക്കരയിലേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മമ്മൂട്ടിക്ക് വ്യക്തിബന്ധമുള്ള രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.

വ്യവസായി എം.എ യൂസഫലിയും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തി പി.ടി. തോമസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *