പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് നിയമന ഉത്തരവ് കൈമാറി

തൃശൂര്‍: തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നിയമന ഉത്തരവ് കൈമാറി.

റവന്യൂ മന്ത്രി കെ രാജന്‍ പ്രദീപിന്റെ പുത്തൂരിലെ വസതിയില്‍ നേരിട്ടെത്തി നിയമന ഉത്തരവ് കൈമാറുകയായിരുന്നു. റവന്യൂ വകുപ്പിലാണ് ജോലി നല്‍കുന്നത്. എം കോം ബിരുദധാരിയാണ് ശ്രീലക്ഷ്മി.

ശ്രീലക്ഷ്മിക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിനുശേഷം കെ രാജന്‍ അറിയിച്ചിരുന്നു. പ്രദീപിന്റെ കുടുംബത്തിന് സാമ്പത്തിക സഹായമായി എട്ടു ലക്ഷം രൂപ നല്‍കാനും യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവും ഇന്ന് കുടുംബത്തിന് കൈമാറി.

സൈനിക ക്ഷേമനിധിയില്‍ നിന്ന് കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും വെന്റിലേറ്ററില്‍ കഴിയുന്ന പ്രദീപിന്റെ പിതാവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്നുലക്ഷം രൂപയുമാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *