ഏകദിന ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് നേരത്തെ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല: വിരാട് കൊഹ്‌ലി

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പ് മാത്രമാണ് തന്നെ ഏകദിന ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയ വിവരം അറിയുന്നതെന്ന് വിരാട് കൊഹ്‌ലി.

ഏകദിന ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് നേരത്തെ ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നും കൊഹ്‌ലി പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി ഉയര്‍ന്നു വന്ന വിവാദത്തില്‍ വിശദീകരണം നല്‍കുന്നതിന് വേണ്ടി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് കൊഹ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്ബായി ടീമിനെ കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി സെലക്ടര്‍മാര്‍ തന്നെ വിളിച്ചിരുന്നെന്നും അഞ്ച് മിനിട്ട് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തിന്റെ അവസാനം തന്നെ ഏകദിന ടീമിന്റെ ക്യാപ്ടന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചെന്ന് അറിയിച്ചതായും കൊഹ്‌ലി പറഞ്ഞു.

താന്‍ ടി ട്വന്റി ക്യാപ്ടന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനം സെലക്ടര്‍മാരെയും ബി സി സി ഐയേയും അറിയിച്ചപ്പോള്‍ തന്നെ ടെസ്റ്റ് ടീമിന്റെയും ഏകദിന ടീമിന്റെയും നായകനായി തുടരാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നെന്ന് കൊഹ്‌ലി സൂചിപ്പിച്ചു. എന്നാല്‍ അന്തിമ തീരുമാനം സെലക്ടര്‍മാര്‍ക്ക് വിട്ടുകൊടുത്ത് കൊണ്ടാണ് തന്റെ നിലപാട് ബി സി സി ഐക്കു മുന്നില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ഏകദിനങ്ങളില്‍ നിന്ന് താന്‍ വിശ്രമം ആവശ്യപ്പെട്ടു എന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും താന്‍ അത്തരമൊരു ആവശ്യവുമായി ആരെയും സമീപിച്ചിട്ടില്ലെന്നും കൊഹ്‌ലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *