മുല്ലപ്പെരിയാര്‍: രാത്രികാലങ്ങളില്‍ വെള്ളം തുറന്നുവിടുന്നത് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളില്‍ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

തമിഴ്‌നാടിനെതിരെയുള്ള പരാതി മേല്‍നോട്ട സമിതിയില്‍ പറയണമെന്നും വെള്‌ലം തുറന്നു വിടുന്നതിനെകുറിച്ച് തീരുമാനിക്കേണ്ടത് മേല്‍നോട്ടസമിതിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളവും തമിഴ്‌നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. മേല്‍നോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്ന് കേരളം കോടതിയില്‍ അറിയിച്ചു. കേസ് വീണ്ടും കേള്‍ക്കുന്നത് ജനുവരി 18ലേക്ക് മാറ്റി.

അതേസമയം കേരളത്തിന് കൃത്യമായ സമയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയാണ് അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതെന്ന് സംസ്ഥാനത്തിന്റെ വാദത്തെ തള്ളികൊണ്ട് തമിഴ്‌നാട് ഫയല്‍ ചെയ്ത മറുപടിയില്‍ പറയുന്നു. അണക്കെട്ടിലെ വെള്ളം തുറന്നു വിട്ടതിനാല്‍ വെള്ളം കയറിയെന്ന് പറയുന്ന വീടുകള്‍ പെരിയാര്‍ തീരത്തു നിന്ന് എത്ര അകലെയെന്ന് കേരളം വ്യക്തമാക്കുന്നില്ലെന്നും തീരത്ത് കയ്യേറ്റമില്ലെങ്കില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നും തമിഴ്‌നാട് സമര്‍പ്പിച്ച മറുപടി ഹര്‍ജിയില്‍ പറയുന്നു. പെരിയാര്‍ തീരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കേരളം നടപടിയെടുക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *