കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

വാരാണസി: രാജ്യം ചരിത്ര നിമിഷത്തിന് സാക്ഷിയാവുകയാണെന്നും ചരിത്രം കുറിച്ച ദിനമാണ് ഇതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

കാശി വിശ്വനാഥ ക്ഷേത്രത്തെ ഗംഗാ നദീതീരവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ് ഇടനാഴി രാജ്യത്തിനു തുറന്നുകൊടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗംഗാമാതാവ് ഇപ്പോള്‍ സന്തോഷിക്കുകയാണെന്നും പുരാതന, ആധുനിക കാലത്തിന്റെ സമ്മേളനമാണ് ഇതെന്നും മോദി പറഞ്ഞു.

‘ഇന്ന്, കാശി വിശ്വനാഥന്റെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം രചിക്കപ്പെടുകയാണ്. കാശി വിശ്വനാഥ് ധാം പരിസരം ഒരു മഹത്തായ ഭവന്‍ മാത്രമല്ല, ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്റെയും പാരമ്ബര്യത്തിന്റെയും പ്രതീകമാണ്. പുരാതന പ്രചോദനങ്ങള്‍ എങ്ങനെയെന്ന് ഇവിടെ കാണാം. ഓരോ ആക്രമണകാരിക്കും ഒരു പ്രതിയോഗിയെ കാശി കണ്ടു. ഒരു ഔറംഗസേബ് വന്നാല്‍ ഒരു ശിവജിയും ഉയരും. ഛത്രപതി ശിവജി മഹാരാജ് മുതല്‍ റാണി ലക്ഷ്മിഭായി വരെ, മുന്‍ഷി പ്രേംചന്ദ്, ബിസ്മില്ലാ ഖാന്‍ വരെ.. അറിയപ്പെടുന്ന പല വ്യക്തികള്‍ക്കും കാശിയുമായി ബന്ധമുണ്ട്. ഇന്ത്യയുടെ വികസനത്തിന് കാശിയുടെ സംഭാവന അനന്തമാണ്’ മോദി പറഞ്ഞു.

ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷമാണ് കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി, ഗംഗാസ്‌നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്.

800 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടത്തിനായി 339 കോടി രൂപയാണ് ചെലവഴിച്ചത്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിര്‍മിച്ച ഇരുപത്തിമൂന്ന് കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്.

ആദ്യഘട്ട ഇടനാഴിയുടെ നിര്‍മാണം 2019 മാര്‍ച്ച് എട്ടിനാണ് ആരംഭിച്ചത്. പ്രശസ്ത ആര്‍ക്കിടെക്റ്റ് ഭിമല്‍ പട്ടേലാണ് ഇടനാഴി രൂപകല്പന ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *