കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച 2 എസ് ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിച്ച രണ്ട് എസ് ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍.

ആലുവ സ്‌റ്റേഷനിലെ എസ് ഐമാരായ ആര്‍ വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയ പോലീസുകാര്‍ക്കെതിരെയാണ് നടപടി. തിരുവനന്തപുരം ഡി ഐ ജി ആണ് പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വകുപ്പു തല അന്വേഷണമുണ്ടാകും. മോഫിയ പര്‍വീണ്‍ മരണപ്പെട്ട കേസില്‍ സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി റിപ്പോര്‍ട്ടില്‍ തീവ്രവാദ പരാമര്‍ശം
നടത്തിയതിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ മുനമ്പം ഡി വൈ എസ് പിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി ഐ ജി നിര്‍ദേശിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ അല്‍ അമീന്‍, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസുകാരുടെ വിവാദ പരാമര്‍ശമുണ്ടായത്.

പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മോഫിയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സി ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ആലുവ സ്‌റ്റേഷന്‍ ഉപരോധിച്ചത്. സി ഐയെ സസ്‌പെന്‍ഡ് ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്. സമരം അവസാനിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് സമര നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *