സി.പി.എം കണ്ണൂര്‍ സമ്മേളനത്തില്‍ ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കണ്ണൂര്‍ : മുസ്ലിം ലീഗ് തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ കനത്ത പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ പിതാവിനെ പറയാന്‍ മാത്രം എന്ത് വികാരമാണ് ലീഗിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു യോഗത്തിലായിരുന്നു പിണറായിയുടെ രൂക്ഷ പ്രതികരണം.

മുസ്ലിം ലീഗിന് എന്തിനാണ് ഇത്രയും വലിയ അസഹിഷ്ണുത? വഖ്്ഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എന്തിനാണ് എന്റെ ഹൈസ്‌കൂള്‍ ജീവിതകാലത്ത് മരണപ്പെട്ടുപോയ ആ പാവപ്പെട്ട അച്ഛനെ പറയുന്നത്? അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്? അദ്ദേഹം ചെത്തുകാരനായതാണോ തെറ്റ്? ആ ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നുവെന്ന് ഞാന്‍ ഇതിനു മുമ്പ് പല വേദികളില്‍ പറഞ്ഞുകഴിഞ്ഞതാണ്. ചെത്തുകാരന്റെ മകന്‍ എന്നു പറയുമ്പോള്‍ പിണറായി വിജയന്‍ എന്ന എനിക്ക് വല്ലാത്ത വിഷമമായി പോകുമെന്നാണോ നിങ്ങള്‍ കരുതുന്നത്?

മുസ്ലിം ലീഗിന്റെ സംസ്‌കാരം എന്താണെന്ന് കോഴിക്കോട്ട് കണ്ടതാണെന്നും അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും ലീഗ് കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബത്തില്‍ നിന്നും സംസ്‌കാരം തുടങ്ങണം. ആ പറഞ്ഞ ആള്‍ക്ക് അത് ഉണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആലോചിച്ചാല്‍ മതി. നിയമനങ്ങള്‍ പി എസ് സിക്ക് വിടാനുള്ള തീരുമാനം വഖ്ഫ് ബോര്‍ഡിന്റെതാണ്. അവരുടെ തീരുമാനം അനുസരിച്ചാണ് നിയമം നടപ്പാക്കുന്നത്. അതില്‍ സര്‍ക്കാറിന് പ്രത്യേക വാശിയൊന്നുമില്ല. വിഷയം ചര്‍ച്ച ചെയ്യുന്നത് വരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *