സപ്ലൈക്കോ വഴി വില്‍ക്കുന്ന 13 ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ആറ് വര്‍ഷമായി സപ്ലൈക്കോ വഴി വില്‍ക്കുന്ന 13 ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.

35 ഇനങ്ങള്‍ക്ക് പൊതുവിപണിയെക്കാള്‍ കുറഞ്ഞ വിലയിലാണ് വില്‍ക്കുന്നതെന്നും വന്‍പയറും മുളകും പഞ്ചസാരയും അടക്കമുള്ള സാധനങ്ങളുടെ വില കുറച്ചുവെന്നും മന്ത്രി സൂചിപ്പിച്ചു. സപ്ലൈക്കോ ഇന്നലെ ചില സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപ്പെട്ട് അവയുടെ വില കുറച്ചെന്നും മന്ത്രി വ്യക്തമാക്കി.

വന്‍പയറിനും കടുകിനും മല്ലിക്കും 4 രൂപ വീതവും ജീരകത്തിന് 14 രൂപയും വില കുറച്ചെന്ന് മന്ത്രി വിശദീകരിച്ചു. ഇതിന് പുറമേ മുളകിന് എട്ട് രൂപയും, പിരിയന്‍ മുളകിനും ചെറുപ്പയര്‍ പരിപ്പിനും പത്ത് രൂപയും സര്‍ക്കാര്‍ ഇടപ്പെട്ട് കുറച്ചെന്ന് മന്ത്രി പറഞ്ഞു.

സപ്ലൈക്കോ വഴിയുള്ള സബ്‌സിഡി സാധനങ്ങളുടെ വില്പന മാര്‍ക്കറ്റ് വിലയെക്കാള്‍ 50 ശതമാനം കുറവാണെന്നും ഏകദേശം 85 ശതമാനം ഉത്പന്നങ്ങളും സബ്‌സിഡി നിരക്കിലാണ് വില്‍ക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *