ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരണമടഞ്ഞു

ഊട്ടി: തമിഴ്‌നാട്ടില്‍ നടന്ന ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേര്‍ മരണമടഞ്ഞു.

വ്യോമസേനയാണ് സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ചത്. ഊട്ടിയ്ക്ക് സമീപം കൂനൂരില്‍ ഉച്ചയോടെയായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറാണ് തകര്‍ന്നത്. പതിനാല് പേരായിരുന്നു ഹെലികോപ്ടറിലുണ്ടായിരുന്നത്. അതില്‍ പതിമൂന്ന് പേരും മരണമടഞ്ഞു. ഗ്രൂപ്പ് ക്യാപ്ടന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെയും നില അതീവ ഗുരുതരമാണ്.

ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദെര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍.

ബിപിന്‍ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായിരുന്നതിനാല്‍ തന്നെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രദേശത്ത് പൊലീസും സൈനികരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കുനൂരില്‍ നിന്ന് വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമദ്ധ്യേ കോയമ്ബത്തൂരിനും സുലൂരിനും ഇടയില്‍ കാട്ടേരി പാര്‍ക്കില്‍ ലാന്‍ഡിങ്ങിന് ശ്രമിക്കുമ്‌ബോഴായിരുന്നു അപകടം. മോശം കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *