സര്‍ക്കാര്‍ വാര്‍ത്തകള്‍. പത്രക്കുറിപ്പ് 8-12

ജലസമൃദ്ധി പദ്ധതി വിജയകരമാക്കിയത് ഹരിതകേരളം 
മിഷന്റെ ആശയങ്ങൾ: ഐ.ബി. സതീഷ് എം.എൽ.എ.
അടുത്ത തലമുറയെ മനസിൽക്കണ്ടുള്ള പ്രവർത്തനമാണ് ഹരിതകേരളം മിഷനെ ജനപ്രിയമാക്കിയതെന്ന് ഐ.ബി. സതീഷ് എം.എൽ.എ. വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള മിഷന്റെ പ്രവർത്തനം മാതൃകാപരമാണ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതി ജനപ്രിയമായതിനു പിന്നിലും ഹരിതകേരളം മിഷന്റെ ആശയങ്ങളാണെന്നും എം.എൽ.എ പറഞ്ഞു. ഹരിതകേരളം മിഷന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കൊല്ലംകോണം തോട് നവീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹരിതകേരളം മിഷൻ ജലസമൃദ്ധി പദ്ധതിയുമായി സഹകരിച്ച് കാരോട് മുതൽ അരുവിക്കര വരെയുള്ള 15 കിലോമീറ്റർ പ്രദേശത്താണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. അസീസ്, നേമം ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ. നിസാമുദീൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശുചീകരണവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടീലും വിതരണവും നടന്നു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, സ്‌കൂൾ കോളേജ് വിദ്യാർഥികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടു.
അശ്വമേധം – 2018ന് ചിറയിൻകീഴിൽ തുടക്കമായി
 കുഷ്ടരോഗ നിർണയ പരിപാടിയായ അശ്വമേധം – 2018ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീനയുടെ വസതിയിൽനിന്നു വിവരശേഖരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
സുസ്ഥിര വികസന ലക്ഷ്യം 2020-ന്റെ ഭാഗമായി കുഷ്ഠരോഗം കേരളത്തിൽ നിന്നും പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് തുടങ്ങിയതാണ് അശ്വമേധം പരിപാടി.
കുഷ്ഠരോഗത്തെക്കുറിച്ച് അവബോധം നൽകാനും വീടുകളിൽ പോയി രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താനുമായി വോളന്റിയർമാർക്കു പരിശീലനം നൽകിയിരുന്നു. ഇവർ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വീടുകൾ സന്ദർശിച്ചു വിവരശേഖരണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ചിറയിൻകീഴ് താലൂക് ആശുപത്രി സൂപ്രണ്ട് ഡോ. ശബ്‌ന, ഡോ. ഷ്യാംജി വോയ്‌സ്, ഡോ. ജീനാ രമേശ്, ഹെൽത്ത് സൂപ്പർവൈസർ ജഗദീഷ്, ജി. വ്യാസൻ തുടങ്ങിയവർ പങ്കെടുത്തു .
ആരോഗ്യ ഭവനം പദ്ധതിക്കു തുടക്കമായി
ജീവിത ശൈലീ രോഗനിർണ്ണയത്തിനായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ആരോഗ്യ ഭവനം പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം മുദാക്കൽ പഞ്ചായത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുദാക്കൽ, കിഴുവിലം, ചിറയിൻകീഴ്, കടയ്ക്കാവൂർ ,അഞ്ചുതെങ്ങ്, വക്കം  എന്നീ പഞ്ചായത്തുകളിലെ 103 വാർഡുകളിലായി 55000 വീടുകളിൽ പരിശീലനം ലഭിച്ച രണ്ടു വാളന്റിയർമാർ വീതമാണ് എത്തുന്നത്. 18 വയസിനു മുകളിലുള്ള വരെയാണ് പരിശോധി നടത്തുന്നത്. രോഗലക്ഷണമുള്ളവർക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾവഴി ചികത്സ നൽകും.
ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ്  സുരേന്ദ്രൻ, ചിറയിൻകീഴ് താലൂക്കാശുപത്രി  സൂപ്രണ്ട് ഡോ. ശബ്‌ന, മെമ്പർമാരായ അനിൽകുമാർ, ടി.എ. ഷീബ തുടങ്ങിയവർ പങ്കെടുത്തു.
‘സമത്വതീരം’ ശ്മശാനം നാടിനായി തുറന്നുകൊടുത്തു
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഏഴ് ഗ്രാമപഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിയായ ‘സമത്വതീരം’ ശ്മശാനം നാട്ടുകാർക്കായി തുറന്നുകൊടുത്തു. വൈദ്യുതിയിലും ഗ്യാസിലും പ്രവർത്തിക്കുന്ന ശ്മശാനം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച 60 ലക്ഷം രൂപയും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ രണ്ട് വർഷത്തെ വിഹിതവും ഗ്രാമ പഞ്ചായത്തുകളുടെ സഹായവുമാണ് പദ്ധതിയുടെ പൂർത്തീകരണത്തിന് പിന്നിൽ.
ബി. സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വി. ജോയ് എംഎൽഎ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷൈജുദേവ്, വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *