വാർത്താക്കുറിപ്പ് ..2019 ജനുവരി 23

ഭൂമിസംബന്ധമായ ഇടപാടുകൾ ഓൺലൈനാകും; 

ഭൂരേഖ നവീകരണ മിഷനു തുടക്കം

ഭൂമിസംബന്ധമായ ഇടപാടുകൾ ഓൺലൈനാക്കുന്നതിന്റെ ഭാഗമായി കേരള ഭൂരേഖ നവീകരണ മിഷനു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. റവന്യു, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകളെ ഏകോപിപ്പിച്ചാണ് മിഷന്റെ പ്രവർത്തനം. സ്വന്തമായി ഭൂമിയുണ്ടായിട്ടും ഉടമസ്ഥാവകാശം തെളിയിക്കാനാകാത്ത നിരവധിപേർക്ക് പുതിയ മിഷനിലൂടെ പരിഹാരമാകും. റീസർവെ സംബന്ധിച്ച പരാതികൾക്കും മിഷൻ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.

മിഷൻ ഡോക്യുമെന്റ് പ്രകാശനം പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. വ്യക്തി ജീവിതത്തിൽ റവന്യു, സർവെ, രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് ഏറെ പ്രാധാന്യമാണുള്ളത്. പരസ്പര പൂരകങ്ങളായ ഈ വകുപ്പുകളെ സംയോജിപ്പിച്ചുള്ള മിഷന്റെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഏറെ ഗുണകരമാകും. ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കുന്നതിനൊപ്പം ഭൂപ്രശ്‌നങ്ങൾക്ക് കാലതാമസം കുറയ്ക്കാനും മിഷനിലൂടെ കഴിയുമെന്നും തൊഴിലവസരം വർധിക്കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ലാൻഡ് റവന്യൂ കമ്മീഷണർ എ.ടി. ജയിംസ്, ടാക്‌സസ് സെക്രട്ടറി പി. വേണുഗോപാൽ, സർവെ ഡയറക്ടർ അജിത് പട്ടീൽ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
(പി.ആർ.പി. 93/2019)

PRESS RELEASE 23-01-2019

കിള്ളിയാർ മിഷൻ അവലോകനയോഗം ചേർന്നു

കരകവിയാത്ത കിള്ളിയാർ എന്ന പേരിൽ നടക്കുന്ന രണ്ടാംഘട്ട കിള്ളിയാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി ആറിന് മണ്ണ്സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുൾപ്പെടെ 300 പേർക്ക് പരിസ്ഥിതി സൗഹൃദ നദീ പുനരുദ്ധാരണ പരിശീലനം നൽകുമെന്ന് ഡി.കെ മുരളി എം. എൽ.എ. പറഞ്ഞു.  കിള്ളിയാർ പുന:സ്ഥപനവുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ. പുനരുദ്ധാരണത്തിന്റെ ഭാഗമായി  പരിസരപ്രദേശങ്ങളിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് കളക്ടർ ഡോ. കെ വാസുകി നിർദ്ദേശം നൽകി. കിള്ളിയാറിലേക്ക് മലിനജലം ഒഴുക്കിവിടുന്ന പൈപ്പ്ലൈനുകൾ അടയ്ക്കാൻ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശിച്ചു. ജനപ്രതിനിധികൾ,കിള്ളിയാർ മിഷൻ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
(പി.ആർ.പി. 94/2019)

വീടുകളുടെ താക്കോൽദാനം 

ആനാട് ചന്ദ്രൻകുഴി കോളനി പുനരധിവാസ പദ്ധതി 2018-19  പ്രകാരം ആനാട് ഗ്രാമപഞ്ചായത്തിലെ ഇരിഞ്ചയം വാർഡിൽ പൂർത്തിയായ ഒൻപത് വീടുകളുടെ താക്കോൽദാനം നടന്നു. പട്ടിക ജാതി-പട്ടിക വർഗ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി, പട്ടിക വർഗ, ആദിവാസി വിഭാഗങ്ങളിൽപെട്ട ഭവനരഹിതരായ മുഴുവൻ പേർക്കും വീട് വെച്ച് നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു.  ഡി.കെ. മുരളി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ വിനിയോഗിച്ചാണ് ഭവന നിർമാണം പൂർത്തിയാക്കിയത്. ഇരിഞ്ചയം ചന്ദ്രൻകുഴിയിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പ്രഭാകുമാരി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.എസ്. പ്രീത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് കണ്ണൻ, മുൻ എം.എൽ.എ ജെ. അരുന്ധതി, ബ്ലോക്ക് പഞ്ചായത്തംഗം സുനിതകുമാരി, ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല  എന്നിവർ പങ്കെടുത്തു.
(പി.ആർ.പി. 95/2019)

കേരളത്തിലെ ആദ്യ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം തിരുവനന്തപുരത്ത്

ദേശീയ ദുരന്തനിവാരണ അതോറിറ്റി നിഷ്‌കർഷിക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം സംസ്ഥാനത്താദ്യമായി തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ജില്ലയിൽ ഏതെങ്കിലും വിധത്തിൽ ദുരന്തമുണ്ടായാൽ അടിയന്തിര സാഹചര്യത്തിൽ സഹായം ലഭ്യമാക്കുകയാണ് ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ലക്ഷ്യം. ഇതിനായി തെരഞ്ഞെടുക്കുന്ന സംഘത്തിന് പ്രത്യേകം പരിശീലനം നൽകുമെന്ന് ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ കളക്ടർ അറിയിച്ചു.

ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷയായ ജില്ലാ കളക്ടറാണ് ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന് നേതൃത്വം നൽകുന്നത്. സബ് കളക്ടർ, ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഫയർ ഓഫീസർ ദുരന്തനിവാരണ അതോറിറ്റി ജൂനിയർ സൂപ്രണ്ട്, എന്നിവരാണ് മറ്റ് അംഗങ്ങൾ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അനു.എസ്. നായർ, ജില്ലാ ഫയർ ഓഫീസർ കെ. അബ്ദുൾ റഷീദ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജി. നീനാറാണി, വിവിധ വകുപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
(പി.ആർ.പി. 96/2019)

പരശുവയ്ക്കൽ; വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ
ശിലാസ്ഥാപനം നടന്നു

പരശുവയ്ക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.  നെയ്യാറ്റിൻകര താലൂക്കിലെ ആദ്യ സ്മാർട്ട് വില്ലേജ് ഓഫീസാണ് പരശുവയ്ക്കലിൽ യാഥാർഥ്യമാകുന്നത്.  പാറശ്ശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അധ്യക്ഷത വഹിച്ചു.

44 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസിൽ എല്ലാ വിധ ആധുനിക സൗകര്യങ്ങളുമുണ്ടാവും.  സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ പാറശാല നിയോജക മണ്ഡത്തിൽ നിന്നും പരശുവയ്ക്കൽ വില്ലേജ് ഓഫീസിനെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.  സ്വന്തമായൊരു വില്ലേജ് ഓഫീസ് കെട്ടിടം വേണമെന്ന പരശുവയ്ക്കൽ ഗ്രാമവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാവുന്നത്. അതിവേഗം സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെയുണ്ടാകും.

പാറശ്ശാല നിയോജക മണ്ഡലത്തിലെ മറ്റ് വില്ലേജ് ഓഫീസുകളെക്കൂടി സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി സി. കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.

പരശുവയ്ക്കൽ വി.ഇ.ഒ ഓഫീസ് കോമ്പോണ്ടിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം എസ്.കെ. ബെൻഡാർവിൻ, പാറശ്ശാല ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുസ്മിത, പാറശ്ശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം നിർമലകുമാരി, എ.ഡി.എം വി.ആർ. വിനോദ്, നെയ്യാറ്റിൻകര തഹസിൽദാർ മോഹനകുമാർ, പരശുവയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. അജയകുമാർ, പാറശാല ഗ്രാമപഞ്ചായത്ത് മുൻ അംഗം ആടുമാൻകാട് വിജയൻ, വാർഡംഗങ്ങൾ, പരശുവയ്ക്കൽ വില്ലേജ് ഓഫീസർ വിജയാനന്ദം, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
(പി.ആർ.പി. 97/2019)

അനധികൃത മാലിന്യനിക്ഷേപത്തിൽ
നടപടിയെടുക്കാൻ കളക്ടറുടെ ഉത്തരവ്

വിമാനത്താവളത്തിന്റെ പരിസരത്തെ വൻതോതിലുള്ള മാലിന്യനിക്ഷേപം പരിഹരിക്കാൻ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടു.  സമീപത്തുള്ള അറവുശാലകളിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നുമെത്തിക്കുന്ന മാലിന്യങ്ങൾ പെരുകുന്നത് പ്രദേശത്ത് പക്ഷികൾ ധാരാളമായി എത്തുന്നതിന് കാരണമാകുന്നു. ഇത് വിമാനങ്ങൾ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും വിഘാതമാകുന്ന സാഹചര്യത്തിലാണ് അടിയന്തിര ഉത്തരവിറക്കി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് കളക്ടർ പറഞ്ഞു.  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

സ്‌കൂളുകൾ കേന്ദ്രീകരിച്ച് അഗ്‌നിശമന വകുപ്പിന്റെ നേതൃത്വത്തിൽ മോക് ഡ്രിൽ നടത്തണമെന്നും കളക്ടർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അനു.എസ്. നായർ, ജില്ലാ ഫയർ ഓഫീസർ കെ. അബ്ദുൾ റഷീദ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജി. നീനാറാണി, വിവിധ വകുപ്പ് ഉദ്യാഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
(പി.ആർ.പി. 98/2019)

ഏകദിന ശിൽപശാല

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ സ്വയംതൊഴിൽ പദ്ധതികളെക്കുറിച്ച് ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ജനുവരി 25ന് രാവിലെ പത്തിന് ചിറയിൻകീഴ് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിലാണ് ശിൽപശാല.  കൂടുതൽ വിവരങ്ങൾക്ക് – 2622237.
(പി.ആർ.പി. 99/2019)

ബ്യൂട്ടികെയർ-മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ബ്യൂട്ടികെയർ-മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന്റെ യോഗ്യത പ്ലസ്ടുവാണ്. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിംഗ് എന്നിവ ഉൾപ്പെടുന്ന കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കിൽ തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കുമെന്ന് സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ ഡയറക്ടർ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 31. കൂടുതൽ വിവരങ്ങൾക്ക് ംംം.ൃെര.സലൃമഹമ.ഴീ്.ശി/ ംംം.ൃെരരര.ശി. ഫോൺ 0471-2325101, 2326101.
(പി.ആർ.പി. 100/2019)

വൈദ്യുതി മുടങ്ങും

പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അമ്മൻ നഗർ, വിവേകാനന്ദ, മുക്കോല, മുല്ലശ്ശേരി, മുണ്ടയ്ക്കൽ, കരിപ്പൂർക്കോണം, സാൻറോക്ക് വില്ല എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന മേഖലകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 24) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെ  വൈദ്യുതി മുടങ്ങും.

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുള്ളുവിള, നിളാനഗർ, അമ്പലത്തികര, തുമ്പ, രാജീവഗാന്ധി നഗർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ  പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ജനുവരി 24 രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെ  വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 101/2019)

Leave a Reply

Your email address will not be published. Required fields are marked *