കിറ്റ്‌കോയിൽ റെയ്ഡിൽ 640 കിലോ കാട്ടുതേൻ പിടിച്ചെടുത്തു

കൊച്ചി : കേന്ദ്ര -സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയിൽ വനംവകുപ്പ് നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 640 കിലോ കാട്ടുതേൻ പിടിച്ചെടുത്തു.

വനവിഭവങ്ങൾ അനുമതിയില്ലാതെ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് കാട്ടു തേൻ പിടിച്ചെടുത്തത്.സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനുശേഷം അറസ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റെയ്ഞ്ച് ഓഫീസർ കൃഷ്ണദാസ് അറിയിച്ചു.

രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പിന്റെ പെരുമ്പാവൂരിൽ നിന്നുള്ള ഫ്ലൈയിങ് സ്‌ക്വഡാണ് റെയ്ഡിനെത്തിയത്.

കുട്ടമ്പുഴ ഉൾപ്പെടെയുള്ള ആദിവാസി ഊരുകളിൽ നിന്ന് ശേഖരിച്ചതാണ് കാട്ടുതേൻ.സി എസ് ആർ പദ്ധതിയുടെ മറവിൽ 1500 കിലോയോളം കാട്ടുതേൻ 2015 ൽ ശേഖരിച്ചതും അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു.വനത്തിനുള്ളിൽ മറ്റുചില സംഘടനകളുമായി ചേർന്നാണ് തേൻ ശേഖരിച്ചിരുന്നത്.വനവിഭവങ്ങൾ ശേഖരിക്കാനുള്ള അനുമതി ഫോറസ്റ് ഡെവലപ്മെന്റ് അതോറിറ്റിക്കും,വിൽപ്പനാവകാശം വനശ്രീക്കുമാണ്.

അതേ സമയം വനമേഖലയിൽ താമസിക്കുന്നവരുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കിയാണ് പണം നൽകി തേൻ ശേഖരിച്ചിരുന്നതെന്നും നിയമ പ്രശ്നങ്ങൾ അറിയില്ലായിരുന്നുവെന്നും കിറ്റ്‌കോ എം ഡി സിറിയക് ഡേവിസ് പ്രതികരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *