രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി പിണറായി വിജയന്‍തിരിതെളിയിച്ച് ഔദ്യോഗിക തുടക്കമിട്ടു. പ്രളയത്തിനു ശേഷം കേരളം കലാരംഗത്തു തളര്‍ന്നിട്ടില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഈ മേള ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

പൊതു ഖജനാവില്‍ നിന്നു പണമെടുക്കാതെ ഡെലിഗേറ്റ് പാസിലൂടെയും സ്‌പോണ്‍സര്‍ഷിപ്പിലൂടെയുമാണു മേള നടത്തുന്നത്. ഈ രീതി ഭാവിയിലും ആലോചിക്കാവുന്നതാണ്. മേളയിലെ സിനിമകള്‍ വിശാല മാനവികത പ്രതിഫലിപ്പിക്കുന്നതാണ്. ഏതു പ്രതിസന്ധിയിലും മനുഷ്യന്‍ എന്ന പരിഗണനയേ പാടുള്ളൂവെന്ന് ഈ ചിത്രങ്ങള്‍ പറയുന്നു. പ്രളയം സംസ്ഥാനത്തെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കി. കേരള ജനത അതിനെ ഒറ്റക്കെട്ടായി നേരിട്ടു. ചലച്ചിത്ര മേള പോലുള്ള സാംസ്‌കാരിക കൂട്ടായ്മകള്‍ പ്രസരിപ്പിച്ച മാനവിക മൂല്യങ്ങളാണ് ഈ ഐക്യം സാധ്യമാക്കിയതെന്നും പിണറായി പറഞ്ഞു

ചലച്ചിത്രാസ്വാദകര്‍ വിചാരിച്ചാല്‍ സര്‍ക്കാരിന്റെ പത്തു പൈസ പോലുമില്ലാതെ ഇതിനപ്പുറവും ചെയ്യാന്‍ സാധിക്കുമെന്നു തെളിയിച്ച മേളയാണിതെന്ന് ആധ്യക്ഷ്യം വഹിച്ച മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മേളയ്ക്കു സ്ഥിരം വേദിയാണ് അടുത്ത നടപടിയെന്നും മന്ത്രി പറഞ്ഞു.

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (5 ലക്ഷം രൂപ) ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്കു മുഖ്യമന്ത്രി സമ്മാനിച്ചു. ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്തയും നടിയും സംവിധായികയുമായ നന്ദിതാ ദാസും മുഖ്യാതിഥികളായിരുന്നു.  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷ ബീന പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പ്രസംഗിച്ചു.

ഇനിയുള്ള ദിനരാത്രങ്ങളില്‍ വിസ്മയം പൂണ്ട ലോകസിനിമയുടെ കാഴ്ചകളിലാകും കേരളത്തിലെ രാജ്യാന്തര ചലച്ചിത്രപ്രേമികള്‍. ‘ഒന്നാണു നമ്മളെന്നു’ കൈകോര്‍ത്തുപിടിച്ച് അതിജീവനചരിത്രമെഴുതിയ കേരളം കൈവിടാത്ത ചലച്ചിത്രപ്രേമത്തിന്റെ കാഴ്ചയാണ് തിരുവനന്തപുരത്തെ വേദികളില്‍.
ഏഴു ദിവസം നീളുന്ന കാഴ്ചയുടെ ഉത്സവത്തിനാണ് തലസ്ഥാനത്തു കൊടിയേറിയത്. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളില്‍ നിന്നായി 164 ചിത്രങ്ങളാണു മേളയിലെത്തുന്നത്. ലോകസിനിമാ വിഭാഗത്തില്‍ 92 ചിത്രങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *