എന്‍ പരമേശ്വരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പത്തനംതിട്ട: ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്ബലം കളിയിക്കല്‍ മഠം എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്. നാലാമത്തെ നറുക്കിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് കുറവക്കോട് ഇല്ലത്ത് ശംഭു നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

പ്രത്യേക പൂജകള്‍ക്ക് ശേഷം എട്ട് മണിയോടെയായിരുന്നു നറുക്കെടുപ്പ്. മേല്‍ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയ ശേഷമായിരുന്നു നറുക്കെടുപ്പ് നടത്തിയത്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിയ രണ്ട് ആണ്‍കുട്ടികളാണ് നറുക്കെടുത്തത്. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.

മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയില്‍ പരമേശ്വരന്‍ നമ്പൂതിരിയുള്‍പ്പെടെ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒന്‍പതാമതായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയെ നിര്‍ദ്ദേശിച്ചിരുന്നത്.

പുറപ്പെടാ ശാന്തിമാര്‍ കൂടിയാകുന്ന ഇരുവരും നവംബര്‍ 15ന് ഇരുമുടി കെട്ടുമായി ശബരീശ സന്നിധിയില്‍ എത്തിച്ചേരും. ആചാരാനുഷ്ടാന പരമായ ചടങ്ങുകള്‍ക്ക് ശേഷം മേല്‍ശാന്തിമാരായി ചുമതല ഏല്‍ക്കും. വൃശ്ചികം ഒന്നായ നവംബര്‍ 16ന് ശബരിമല – മാളികപ്പുറം തിരുനടകള്‍ തുറക്കുന്നത് ഇവരായിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *