സ്വപ്‌ന സുരേഷിനെതിരായ കോഫെപോസ റദ്ദാക്കി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ തെളിവുകളും കാരണങ്ങളുമില്ലാതെയാണ് കോഫെപോസ ചുമത്തിയതെന്ന് ജസ്റ്റീസ് ജയശങ്കരന്‍ നമ്ബ്യാരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വപ്‌നയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്ഥിരം കുറ്റവാളികള്‍ക്കെതിരെ മാത്രമേ കോഫെപോസ വകുപ്പ് ചുമത്താന്‍ കഴിയൂ. എന്നാല്‍ സ്വപ്‌നയ്‌ക്കെതിരായ ആദ്യ സ്വര്‍ണക്കടത്ത് കേസാണിത്. സ്വപ്‌ന മുന്‍പും സ്വര്‍ണം കടത്തിയെന്ന് പറയുന്നുണ്ടെങ്കിലും അത് തെളിയിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കോഫെപോസ ചുമത്തുന്ന പ്രതികളെ വിചാരണ കൂടാതെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ സ്വപ്‌നയ്ക്ക് എന്‍.ഐ.എ കേസില്‍ ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ല. രണ്ട് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസിലെ മറ്റൊരു പ്രതി സരിത്തിനെതിരായ കോഫെപോസ നിലനില്‍ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *