കര്‍ഷകരുടെ കൊലയാളികളെ കേന്ദ്രം സംരക്ഷിക്കുകയാണെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കര്‍ഷകരുടെ കൊലയാളികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയില്‍പോലും എടുത്തില്ല. കേന്ദ്ര മന്ത്രിയുടെ മകന്‍ കാറിടിച്ച്‌ കൊലപ്പെടുത്തിയ കര്‍ഷക കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയെയും തടഞ്ഞ ബിജെപി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച്‌ രാജ്ഭവന് മുന്നില്‍ കെപിസിസി സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്രമന്ത്രിയുടെ മകനെ ഇത്രയും ദിവസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്. കര്‍ഷകരെ വണ്ടിയിടിപ്പിച്ചും വെടിവെച്ചും കൊന്നവര്‍ക്കെതിരെ രാജ്യത്ത് ആളിക്കത്തുന്ന പ്രതിഷേധം ബിജെപി സര്‍ക്കാര്‍ കണ്ണുതുറന്ന് കാണുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

കര്‍ഷകരെ കൊന്നെന്നറിഞ്ഞ് അതിരാവിലെ തന്നെ സംഭവസ്ഥലത്തേക്കു കുതിച്ച പ്രിയങ്കയെ കണ്ടപ്പോള്‍, 1977ല്‍ ബിഹാറിലെ ബല്‍ച്ചിയില്‍ ദളിതരെ കൂട്ടക്കൊല ചെയ്തപ്പോള്‍ വളരെ കഷ്ടപ്പെട്ട് രാത്രിയില്‍ അവിടെയെത്തിയ ഇന്ദിരാഗാന്ധിയെയാണ് ഓര്‍മവന്നത്. ഇന്ത്യയുടെ രണ്ടാം ഇന്ദിരാഗാന്ധിയായ പ്രിയങ്കയുടെ ധൈര്യവും തന്റേടവും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടെന്ന് സുധാകരന്‍ പറഞ്ഞു.

ഒരു വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ 600 പേരുടെ ജീവനാണ് നഷ്ടമായത്. രാജ്യം ഇതിന് മുന്‍പും വളരെ തീക്ഷ്ണമായ സമരങ്ങള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ കാലാകാലങ്ങളില്‍ ഭരണത്തിലുള്ള സര്‍ക്കാരുകള്‍ രമ്യമായി പരിഹരിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ജനകീയ സമരങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ഒരു ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *