കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിന്‌ ശോഭ സുരേന്ദ്രന് 25000 രൂപ പിഴ ശിക്ഷ

കൊച്ചി: ശബരിമലയിലെ പൊലീസ് ഇടപെടലുകളെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രന് പിഴ ശിക്ഷ. കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിനാണ് 25000 രൂപ പിഴയടയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മാപ്പുപറഞ്ഞ് ശോഭാ സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചു. അതേ സമയം ഹര്‍ജിക്കാരി എവിടെയും പരാതി നല്‍കിയിട്ടില്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

അനാവശ്യ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുത് എന്ന് നിര്‍ദേശിച്ച കോടതി ശോഭാ സുരേന്ദ്രന്റേത് പബ്ലിസിറ്റി സ്റ്റണ്ടാണെന്നും ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. ഹര്‍ജിക്കാരിയുടേത് ദോഷകരമായ വ്യവഹാരമാണ്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ട ികോടതിയെ ഉപയോഗിക്കരുത്. പരീക്ഷണ വ്യവഹാരവുമായി വരേണ്ട സ്ഥലമല്ല ഇതെന്നും കോടതി ശാസിച്ചു. നീതിപീഠത്തെ ദുരുപയോഗം ചെയ്തതിന് മാപ്പു പറഞ്ഞതുകൊണ്ടായില്ലെന്നു വ്യക്തമാക്കിയ കോടതി പിഴയടയ്ക്കണമെന്നു നിര്‍ദേശിക്കുകയായിരുന്നു.
യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കുശേഷമുണ്ടായ ശബരിമലയിലെ പൊലീസ് നടപടികള്‍ക്കെതിരെയും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പൊലീസ് അറസ്റ്റു ചെയ്ത ഭക്തരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *