വ്യക്തിഹത്യ: പി സി ജോർജിനെതിരെ കേസെടുത്തു

കൊച്ചി: ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ ജനപക്ഷം സെക്കുലർ നേതാവും മുൻ എം എൽ എയുമായ പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകൻ ബി എച്ച് മൻസൂർ നൽകിയ പരാതിയിൽ എറണാകുളം ടൗൺ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ പി സി ജോർജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസ്. പി സി ജോർജിന്റെ ടെലഫോൺ സംഭാഷണം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ക്രൈം നന്ദകുമാറിനെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.  മന്ത്രിയുടെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് അഭിമുഖമെന്നും അത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു നിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ജോർജുമായി നന്ദകുമാർ നടത്തിയ ടെലഫോൺ അഭിമുഖമാണ് വിവാദമായത്.

 

Leave a Reply

Your email address will not be published. Required fields are marked *