ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനാകും

കോട്ടയം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപോലീത്ത ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനാകും.

സഭ ആസ്ഥാനമായ ദേവലോകം ബിഷപ്പ് ഹൗസില്‍ ബുധനാഴ്ച സുന്നഹദോസ് ചേര്‍ന്ന് ഏകകണ്ഠമായാണ് മാത്യൂസ് മാര്‍ സേവേറിയോസിനെ നാമനിര്‍ദേശം ചെയ്തത്. സഭയിലെ 24 മെത്രാപ്പോലീത്തമാരും ചേര്‍ന്ന് സുനഹദോസ് ഒരു പേരില്‍ സമവായത്തില്‍ എത്തുകയായിരുന്നു.

ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ആയിരുന്ന ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ബാബയെ നടപടികള്‍ ആരംഭിച്ചത്.

സഭയിലെ തീവ്ര നിലപാടുള്ള സീനിയര്‍ മെത്രാപ്പൊലീത്തമാരില്‍ ഒരാള്‍ ആണ് മാത്യൂസ് മാര്‍ സേവേറിയോസ്. കോട്ടയം വാഴൂരില്‍ 1949ല്‍ അദ്ദേഹം ജനിച്ചത്. 1978ല്‍ വൈദീകനായി പ്രവര്‍ത്തനം തുടങ്ങി. 1993 ല്‍ മെത്രാപ്പൊലീത്തയായി സഭാ ജീവിതം മുന്നോട്ടു നീക്കി. ഓര്‍ത്തഡോക്സ് സഭയുടെ മുന്‍ സഭാ സുന്നഹദോസ് സെക്രട്ടറിയായും മാത്യൂസ് മാര്‍ സേവേറിയോസ് പ്രവര്‍ത്തനം അനുഷ്ഠിച്ചിട്ടുണ്ട്.

കാതോലിക്കാ ബാവയുടെ കാലശേഷം മാത്യൂസ് മാര്‍ സേവേറിയോസ് തന്നെ സഭാധ്യക്ഷന്‍ ആകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മറ്റു പല മെത്രാപ്പോലീത്തമാര്‍ക്കും പദവിയിലേക്ക് എത്താന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന യോഗം ഇക്കാര്യത്തില്‍ ഏക അഭിപ്രായത്തില്‍ എത്തുകയായിരുന്നു.

നാളെ ചേരുന്ന മലങ്കര അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും. മാനേജിങ് കമ്മിറ്റി കൂടി അംഗീകരിച്ചാല്‍ മാത്രമേ ഓര്‍ത്തഡോസ് സഭ ഔദ്യോഗികമായി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കു.

അടുത്ത മാസം പതിനാലിന് പരുമല സെമിനാരിയില്‍ ആണ് ഓര്‍ത്തഡോക്സ് സഭയുടെ മലങ്കര അസോസിയേഷന്‍ യോഗം ചേരുന്നത്. യോഗത്തില്‍ വെച്ചാകും മാത്യൂസ് മാര്‍ സേവേറിയോസിനെ പുതിയ കാതോലിക്കാബാവയായി വാഴിക്കുക. അതിന് മുന്നോടിയായി യോഗത്തില്‍ വച്ച്‌ തന്നെ മാത്യൂസ് മാര്‍ സേവേറിയോസിനെ മലങ്കര മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കും തുടര്‍ന്നാണ് കാതോലിക്കാബാവയെ ആയി വാഴിക്കുക.

 

 

Leave a Reply

Your email address will not be published. Required fields are marked *