സിപിഐ യുവനേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്

ന്യൂഡല്‍ഹി: ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും സി.പി.ഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസ് നേതാക്കളുമായി കനയ്യയുടെ ചര്‍ച്ച തുടരുകയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകളുടെ അന്ത്യത്തില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും കോണ്‍ഗ്രസിലേക്കുള്ള കനയ്യുടെ പ്രവേശം എന്നാണ് റിപ്പോര്‍ട്ട്.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ ടിക്കറ്റില്‍ കുമാര്‍ മത്സരിച്ചിരുന്നുവെങ്കിലും ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടു. അതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ കൂടുതല്‍ സജീവമായിരുന്നില്ല. കനയ്യയെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്തുന്നത് പാര്‍ട്ടിയുടെ ഉന്നതതലത്തില്‍ ഗൗരവമായ പരിഗണനയിലാണെന്നും എന്നാല്‍ എങ്ങനെ, എപ്പോള്‍ ചേരുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഒരു ഉന്നത കോണ്‍ഗ്രസ് വൃത്തം പറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള കനയ്യയുടെ ചിത്രം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed