കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു; ഇനി സി.പി.എമ്മില്‍

തിരുവനന്തപുരം: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ചാണ് രാജി. തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.

പിന്നില്‍ നിന്ന് കുത്തേറ്റ് തയ്യാറല്ലെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനില്‍കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാജിക്കത്ത് മെയില്‍ ചെയ്തതായും അനില്‍കുമാര്‍ പറഞ്ഞു.

ഇടത് മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ഇനിയുള്ള കാലം സിപിഐഎമ്മുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കെ.പി അനില്‍കുമാര്‍ പറഞ്ഞു.

ഡിസിസി പുനഃസംഘടനക്ക് ശേഷം പരസ്യപ്രസ്താവ നടത്തിയതിന് അനില്‍കുമാറിനെ കോണ്‍ഗ്രസില്‍ നിന്നും സസ്‍പെന്‍ഡ് ചെയ്തിരുന്നു.

കോണ്‍​ഗ്രസില്‍ നിന്ന് രാജിവച്ച്‌ എ കെ ജി സെന്ററില്‍ എത്തിയ അനില്‍കുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. ചുമന്ന് ഷാള്‍ അണിയച്ചായിരുന്നു സ്വീകരിച്ചത്.

കോണ്‍​ഗ്രസ് വിട്ടുവരുന്നവര്‍ക്ക് അര്‍ഹമായ പരി​ഗണന നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍​ഗ്രസില്‍ ഉരുള്‍പ്പൊട്ടലാണെന്നും പാര്‍ട്ടിയില്‍ അണികള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *