ടോക്യോ പാരാലിമ്ബിക്സിന് കൊടിയിറങ്ങി

ടോക്യോ: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ നേട്ടത്തോടെ ടോക്യോ പാരാലിമ്ബിക്സിന് കൊടിയിറങ്ങി.  അഞ്ചു സ്വര്‍ണവും എട്ടുവെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍  സ്വന്തമാക്കിയത്‌.

95 സ്വര്‍ണമുള്‍പ്പടെ 206 മെഡലുകള്‍ നേടിയ ചൈനയാണ് ടോക്യോ പാരാലിമ്ബിക്സിലെ ചാമ്ബ്യന്മാര്‍. 41സ്വര്‍ണമുള്‍പ്പടെ 124 മെഡലുകള്‍ നേടിയ ബ്രിട്ടനാണ് രണ്ടാം സ്ഥാനത്ത് .24-ാം സ്ഥാനത്താണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

സമാപനച്ചടങ്ങില്‍ അവനി ലെഖാര ത്രിവര്‍ണ പതാകയേന്തി ഇന്ത്യന്‍ സംഘത്തെ നയിച്ചു.

ടേബിള്‍ ടെന്നിസ് താരം ഭവനിബെന്‍ പട്ടേലിന്റെ വെള്ളിയോടെ തുടങ്ങിയ മെഡല്‍ വേട്ട ഇന്നലെ ബാഡ്മിന്റണ്‍ താരങ്ങളായ കൃഷ്ണ നാഗറിന്റെ സ്വര്‍ണത്തിലും സുഹാസ് യതിരാജിന്റെ വെള്ളിയിലുമാണ് അവസാനിച്ചത്. ഷൂട്ടിംഗ് താരങ്ങളായ അവനി ലെഖാര,മനീഷ് നര്‍വാള്‍,ജാവലിന്‍ ത്രോ താരം സുമിത് ആന്റില്‍,ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത് എന്നിവരാണ് നേരത്തേ സ്വര്‍ണം നേടിയിരുന്നത്.

ഇന്നലെ രാവിലെ എസ്.എച്ച്‌ 6 കാറ്റഗറി ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ഹോംഗ് കോംഗിന്റെ മാന്‍ കായ് ചുവിനെ 21-17,16-21,21-17ന് തോല്‍പ്പിച്ചാണ് കൃഷ്ണ നാഗര്‍ പൊന്നണിഞ്ഞത്. എസ്.എല്‍ 4 കാറ്റഗറി ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരം ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് പൊരുതിത്തോറ്റാണ് സാഹാസ് യതിരാജ് വെള്ളി നേടിയത്. സ്കോര്‍ : 15-21,21-17,15-21.

 

Leave a Reply

Your email address will not be published. Required fields are marked *