രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രമേയം

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയം. ഗോവയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിലാണ് യൂത്ത് കോണ്‍ഗ്രസ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വെച്ചത്. സംഘടന ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ് അറിയിച്ചു.

രാജ്യത്ത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ശക്തമായി ഉന്നയിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നും രാഹുല്‍ ഗാന്ധിയെ എ ഐ സി സി പ്രസിഡന്റ് ആക്കണമെന്നുമാണ് ആവശ്യം. നിലവില്‍ ഇടക്കാല പ്രസിഡന്റ് എന്ന നിലയില്‍ സോണിയാ ഗാന്ധിയാണ് എ ഐ സി സി പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത്.

2019 ലെ ലോക്‌സഭാ തോല്‍വിക്ക് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. 2017 ല്‍ സോണിയാ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മൂന്ന് വട്ടമാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്.

സമാനമായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed