എ.കെ.ആന്റണി രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടും പ്രതികരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍

ചേര്‍ത്തല : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, രാഹുല്‍ ഗാന്ധിയുടെ നിലപാടിനോടും പ്രതികരിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അച്ഛായെന്നും കൊച്ചപ്പായെന്നും വിളിക്കുന്ന രീതിയാണു കോണ്‍ഗ്രസിന്. കെ.സുരേന്ദ്രനെ അറസ്റ്റു ചെയ്തപ്പോള്‍ പൊലീസ് കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. പ്രധാന നേതാവാണെന്ന പരിഗണന നല്‍കണമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരള ഭരണ നിര്‍വഹണ സര്‍വീസ് (കെഎഎസ്) നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിര്‍ദേശങ്ങളും ഉപദേശങ്ങളും പുനഃപരിശോധിക്കണമെന്നും അതുവരെ നിയമന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തു നല്‍കിയതായി വെള്ളാപ്പള്ളി അറിയിച്ചു. മുന്നാക്ക ജാതി സംവരണവും സാമ്പത്തിക സംവരണവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി നിലനില്‍ക്കെ ദേവസ്വം ബോര്‍ഡുകള്‍ വഴി മുന്നാക്ക ജാതി, സാമ്പത്തിക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒത്താശ നല്‍കുന്നതില്‍ പ്രതിഷേധമുണ്ട്

അഖിലേന്ത്യാ സര്‍വീസിലേക്കു യുപിഎസ്‌സി നടത്തുന്ന മാതൃകയിലും നിലവാരത്തിലും സമാനമായ രീതിയില്‍ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടത്താനാണു കെഎഎസിന്റെ കാര്യത്തിലും ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പിന്നാക്ക സമുദായങ്ങളെ ഒഴിവാക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമായി മൂന്നിലൊന്നു ഒഴിവുകളില്‍ മാത്രം നേരിട്ടു നിയമിക്കാനും ഇതില്‍ മാത്രം സംവരണം ഏര്‍പ്പെടുത്താനുമാണു തീരുമാനം. ഭരണവകുപ്പും നിയമസെക്രട്ടറിയും മുഴുവന്‍ തസ്തികകളിലും ഭരണഘടനാനുസൃതമായ സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഇത് അട്ടിമറിക്കപ്പെട്ടു. സംസ്ഥാനത്തെ 80% പട്ടിക, പിന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നടപടി അംഗീകരിക്കില്ല. നീതിപൂര്‍വം അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *