ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി

സന്നിധാനം: ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുമായി സംസാരിച്ചു. പ്രായമായവര്‍, ചെറിയ കുഞ്ഞുങ്ങള്‍ എന്നിവരോടു വരെ സംസാരിച്ചു. ഈ തീര്‍ഥാടന കാലത്ത് ഒരു ആളുപോലും ശബരിമലയില്‍ പരാതി ഉന്നയിച്ചിട്ടില്ല. തന്നോടൊപ്പം ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണെന്നും കടകംപള്ളി പറഞ്ഞു.

സര്‍ക്കാരും ദേവസ്വം ബോര്‍ഡും കഴിയുന്നതെല്ലാം ഭക്തര്‍ക്കായി ചെയ്തുകൊടുക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം സഭയില്‍ നടത്തുന്ന കൊള്ളരുതായ്മകള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ?. കേരളത്തിന്റെ പ്രതിപക്ഷ നേതാവാണ് ഈ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്നത്. അല്ലാതെ ശശികല ടീച്ചറെപ്പോലുള്ളവരല്ല. യുഡിഎഫിന്റെ യഥാര്‍ഥ മുഖം പുറത്തുവരും എന്നതിനാല്‍ അതു മറച്ചുവയ്ക്കാന്‍ ഓടി ഒളിക്കാനുള്ള ശ്രമങ്ങളാണു പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭയില്‍ നടന്നതെന്നും മന്ത്രി ആരോപിച്ചു.

കേരളം പ്രളയ ദുരന്തം നേരിട്ടാണ് കടന്നുവരുന്നത്. വലിയ നഷ്ടം എല്ലാവര്‍ക്കും ഉണ്ടായി. സര്‍വ്വതും നഷ്ടമായി ആകാശം നോക്കി നില്‍ക്കുന്ന അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സമൂഹത്തിനുണ്ട്. കേരളത്തെ പുനര്‍നിര്‍മിക്കേണ്ട ഉത്തരവാദിത്തമാണ് എല്ലാവരും ഏറ്റെടുക്കേണ്ടത്. അതിനാവശ്യമായ കാര്യങ്ങളായിരുന്നു നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. ഇതിനെ വളരെ സങ്കുചിതമായ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും മന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *