കര്‍ഷകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കര്‍ണാടക

ബെംഗളൂരു :  കര്‍ഷകരുടെ മക്കള്‍ക്കായി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അധികാരത്തിലെത്തിയതിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. പത്താംക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനാണ് സ്‌കോളര്‍ഷിപ്പ്. 1000 കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിരിക്കുന്നത്.

പദ്ധതിപ്രകാരം വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ടാണ് ലഭിക്കുന്നത്. അര്‍ഹരാകുന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും തുടര്‍പഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഐടിഐ കോഴ്സുകളോ പ്രീ യൂണിവേഴ്സിറ്റി കോഴ്സുകളോ പഠിക്കാന്‍ ഉദ്ദേശിക്കുന്ന പത്താം ക്ലാസ് വിജയിച്ച ആണ്‍കുട്ടികള്‍ക്ക് 2,500 രൂപയും പെണ്‍കുട്ടികള്‍ക്ക് 3,000 രൂപയുമാണ് ലഭിക്കുക. ബി.എ, ബി.എസ്.സി, ബി.കോം, എംബിബിഎസ്, ബി.ഇ, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്‌ക്ക് അപേക്ഷിക്കുന്ന ആണ്‍കുട്ടികള്‍ക്ക് 5,000 രൂപയും പെണ്‍കുട്ടികള്‍ക്ക് 5,500 രൂപയുമാണ് സ്‌കോളര്‍ഷിപ്പും ലഭിക്കും.

അതേസമയം നിയമം, പാരാമെഡിക്കല്‍, നഴ്സിങ് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് യഥാക്രമം 7,500 – 8,000 എന്നിങ്ങനെയാണ് തുക ലഭിക്കുക. ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 10,000 – 11,000 രൂപ വീതവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *